ദമ്മാം: ഫിലിം കമീഷെൻറ പിന്തുണയോടെ സിനിമ അസോസിയേഷൻ സംഘടിപ്പിച്ച 12-ാമത് സൗദി ചലച്ചിത്ര മേളക്ക് കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്റ) പ്രൗഢഗംഭീരമായ സമാപനമായി. ‘എല്ലാ കഥയും ഒരു യാത്രയാണ്’ എന്ന പ്രമേയത്തിൽ ഒരാഴ്ച നീണ്ട മേളയിൽ 50 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സെമിനാറുകളും അന്താരാഷ്ട്ര വിദഗ്ധരുടെ പരിശീലന പരിപാടികളും ഇതിെൻറ ഭാഗമായി നടന്നു. പ്രമുഖ ചലച്ചിത്ര പ്രവർത്തകരും നിരൂപകരും അടങ്ങുന്ന ജൂറിയാണ് അവാർഡുകൾ തെരഞ്ഞെടുത്തത്.
ആശയങ്ങൾ വെള്ളിത്തിരയിലേക്ക് എത്തുന്നതിനിടയിലുള്ള അകലം കുറക്കാൻ ഈ മേളക്ക് സാധിച്ചുവെന്ന് ഫെസ്റ്റിവൽ ഡയറക്ടറും സ്ഥാപകനുമായ കവി അഹമ്മദ് അൽ മുല്ല സമാപന പ്രസംഗത്തിൽ പറഞ്ഞു. മേളയുടെ ഉന്നത ഉപദേശക സമിതി രൂപവത്കരണവും അടുത്ത പതിപ്പിെൻറ ആർട്ടിസ്റ്റിക് ഡയറക്ടറായി പ്രശസ്ത സംവിധായകനും നിരൂപകനുമായ അബ്ദുൽ മൊഹ്‌സെൻ അൽ ദബാെൻറ നിയമനവും അദ്ദേഹം പ്രഖ്യാപിച്ചു.
സൗദി ചലച്ചിത്ര വ്യവസായത്തിെൻറ വളർച്ചയുടെ നേർക്കാഴ്ചയായിരുന്നു ഈ പതിപ്പെന്ന് ‘ഇത്റ’ ഡെപ്യൂട്ടി ഫെസ്റ്റിവൽ ഡയറക്ടറും സാംസ്കാരിക ഉപദേഷ്ടാവുമായ താരിഖ് അൽ ഖവാജി അഭിപ്രായപ്പെട്ടു. ബുസാൻ ഇൻറർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലുമായി സഹകരിച്ച് സംഘടിപ്പിച്ച ‘കൊറിയൻ സിനിമയെക്കുറിച്ചുള്ള സ്പോട്ട്‌ലൈറ്റ്’ ശ്രദ്ധേയമായി. മേളയുടെ ഉദ്ഘാടന ചടങ്ങിൽ, പ്രമുഖ സൗദി ചലച്ചിത്ര നിർമാതാവ് ഹൈഫ അൽ മൻസൂറിനെ പ്രത്യേകം ആദരിച്ചിരുന്നു.
1. ഫീച്ചർ ഫിലിം: മികച്ച ചിത്രം: ‘ഹിജ്‌റ’ (സംവിധാനം: ഷഹാദ് അമീൻ).
2. മികച്ച ജി.സി.സി ഫീച്ചർ ഫിലിം: ‘എർകാല: ഗിൽഗമെഷ്സ് ഡ്രീം’ (സംവിധാനം: മുഹമ്മദ് അൽ-ദരാജി).
3. ജൂറിയുടെ പ്രത്യേക പരാമർശം: ‘എ മാറ്റർ ഓഫ് ലൈഫ് ആൻഡ് ഡെത്ത്’ (സംവിധാനം: അനസ് ബാ-തഹാഫ്).
4. മികച്ച നടി: സാറ തൈബ (എ മാറ്റർ ഓഫ് ലൈഫ് ആൻഡ് ഡെത്ത്).
5. മികച്ച ഹ്രസ്വചിത്രം: ‘മജ്‌ഹൂൽ’ (സംവിധാനം: ഇബ്രാഹിം അൽ ഗാംദി).
6. മികച്ച ജിസിസി ഹ്രസ്വചിത്രം: ‘സീഡ്’ (സംവിധാനം: സൽമാൻ യൂസഫ്).
7. നവാഗത ചിത്രത്തിനുള്ള അബ്ദുള്ള അൽ മുഹൈസൻ അവാർഡ്: ‘സർഖത് നംല’ (സംവിധാനം: ലുജൈൻ സലാം).
8. പ്രത്യേക ജൂറി പരാമർശം: ‘അൽ സിത്ർ’ (സംവിധാനം: റോളണ്ട് ഹസ്സൻ, സാറ മസ്‌രി).
9. മികച്ച ഡോക്യുമെൻററി: ‘ദബാബ് അൽ ബറൂദ്’ (സംവിധാനം: സാദ് തുഹൈത).
10. മികച്ച ജിസിസി ഡോക്യുമെൻററി: ‘ഫരിഹ’ (സംവിധാനം: ബദർ അൽ റിമി).
11. പ്രത്യേക ജൂറി അവാർഡ്: ‘മർജൂജ് ഹസാസി’ (സംവിധാനം: മിഷാൽ അൽ തുബൈതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.