റിയാദ്: സൗദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ട് വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി സൂര്യഭാനെ (36) നാട്ടിലെത്തിക്കാൻ ഡോക്ടറുടെയോ നഴ്സിേൻറയോ സഹായം തേടുന്നു. യാത്രയിലുടനീളം തുടർച്ചയായ വൈദ്യപരിചരണം ആവശ്യമായതിനാലാണ് ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യം അനിവാര്യമായിരിക്കുന്നത്.
2024 സെപ്റ്റംബർ 14-നാണ് സൂര്യഭാൻ തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. അൽ ജൗഫ് വിമാനത്താവളത്തിൽ നിന്ന് സ്പോൺസറുടെ സഹോദരനൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ അത്ഫ പ്രദേശത്ത് വെച്ചായിരുന്നു അപകടം. എതിർദിശയിൽ വന്ന വാഹനം ഇവർ സഞ്ചരിച്ചിരുന്ന കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ സ്പോൺസറുടെ സഹോദരൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും സൂര്യഭാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സക്കാക്ക സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൂര്യഭാൻ ഇപ്പോഴും ചികിത്സയിലാണ്. ശരീരം ഏറെക്കുറെ തളർന്ന നിലയിലായതിനാൽ നിലവിൽ കുഴൽ വഴിയാണ് ഇദ്ദേഹത്തിന് ഭക്ഷണം നൽകുന്നത്.
കുടുംബാംഗങ്ങളുടെ പരിചരണവും തുടർചികിത്സയും ലഭ്യമാക്കുന്നതിനായി സൂര്യഭാനെ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാനാണ് നിലവിലെ ശ്രമം. നാട്ടിലേക്കുള്ള യാത്രയിൽ സൂര്യഭാെൻറ ബന്ധു ഒപ്പമുണ്ടാകും. എങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് യാത്രയിലുടനീളം രോഗിയെ അനുഗമിക്കാൻ ഒരു ഡോക്ടറുടെയോ നഴ്സിേൻറയോ സേവനം അത്യാവശ്യമാണ്.
സഹായിക്കാൻ തയ്യാറായി മുന്നോട്ടുവരുന്ന ആരോഗ്യപ്രവർത്തകന്റെ മടക്കയാത്രാ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും വഹിക്കുമെന്ന് സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സക്കാക്കയിലെ സാമൂഹിക പ്രവർത്തകൻ സുധീർ ഹംസ അറിയിച്ചു. സഹായിക്കാൻ സന്നദ്ധരായ ഡോക്ടർമാരോ നഴ്സുമാരോ 0502841137 എന്ന നമ്പറിൽ സുധീർ ഹംസയുമായി വാട്സ്ആപ്പ് വഴി ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.