റോയൽ സൗദി നേവൽ ഫോഴ്സസ് (ആർ.എസ്.എൻ.എഫ്) പരിശീലനത്തിൽ
യാംബു: സൗദിയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളെ ചെറുക്കാൻ സേനാവിഭാഗങ്ങളെ കൂടുതൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര പരിശീലന പദ്ധതിക്ക് കഴിഞ്ഞദിവസം തുടക്കമായി.റോയൽ സൗദി നേവൽ ഫോഴ്സസ് (ആർ.എസ്.എൻ.എഫ്) ആണ് കഴിഞ്ഞദിവസം ജുബൈലിലെ കിങ് അബ്ദുൽ അസീസ് നാവിക താവളത്തിൽ പരിശീലനത്തിന് തുടക്കംകുറിച്ചത്.
പരിശീലനം അഞ്ചുദിവസം തുടരുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി റോയൽ എയർ ഫോഴ്സിെൻറയും സൗദി റോയൽ എയർ ഡിഫൻസിെൻറയും നേതൃത്വത്തിലാണ് പരിശീലനം. കിഴക്കൻ പ്രവിശ്യയിലെ നാവിക സേന, അതിർത്തി സംരക്ഷണ സേന, ആഭ്യന്തര സുരക്ഷ വിഭാഗങ്ങൾ, സൗദി അരാംകോ സുരക്ഷ വിഭാഗം എന്നിവരുടെ പങ്കാളിത്തം പരിശീലനത്തിനുണ്ട്.
പെട്രോളിയം സ്ഥാപനങ്ങൾക്കെതിരെയുള്ള ഏത് ആക്രണത്തെയും ചെറുക്കുക, പ്രതിരോധ സേനക്ക് കൂടുതൽ കരുത്ത് പകരുക, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക, സായുധ സേനകൾ തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
സൈനികർക്ക് കരുത്തും ആത്മവിശ്വാസവും നൽകുന്ന നിരവധി പ്രായോഗിക പരിശീലന പരിപാടികൾ സജീവമാക്കുന്നതിെൻറ ഭാഗമാണ് ഈ പരിപാടിയെന്ന് കമാൻഡർ മറൈൻ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം അൽ ബാലവി അറിയിച്ചു. എണ്ണ സ്ഥാപനങ്ങൾക്കെതിരെയുള്ള ഏത് തീവ്രവാദ പ്രവർത്തനത്തെയും പ്രതിരോധിക്കാനും മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനുമുള്ള പരിശീലന പരിപാടി മഹത്തരമാണെന്ന് കിഴക്കൻ മേഖല നാവികസേന കമാൻഡർ മേജർ ജനറൽ മജിദ് ബിൻ ഹസ്സ അൽ ഖഹ്താനി അഭിപ്രായപ്പെട്ടു.
സേനക്ക് ആധുനിക പ്രതിരോധ സാങ്കേതിക സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം നൽകൽ, രക്ഷാപ്രവർത്തനത്തിനുള്ള നൂതന മാർഗങ്ങളുടെ പരിശീലനം, കടൽ ലാൻഡിങ്, സംശയാസ്പദമായ കപ്പലുകളുടെ തിരച്ചിൽ, ഡ്രോൺ ആക്രമണത്തിനും തുറമുഖത്ത് സ്പീഡ് ബോട്ട് ആക്രമണത്തിനും സേനകളെ പ്രാപ്തമാക്കുക എന്നതും പരിശീലനത്തിലെ ഇനങ്ങളാണെന്ന് പ്രതിരോധ മന്ത്രാലയം അറിയി
ച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.