ഈത്തപ്പഴം കേടാകാതെ സൂക്ഷിക്കാനുള്ള ‘സൂബ’യും ‘ജിസ്സ’യും
റിയാദ്: ഫ്രിഡ്ജോ ആധുനിക ശീതീകരണ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത്, ഈത്തപ്പഴം മൂന്ന് വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സൗദി അറേബ്യയിലെ ഖസീം നിവാസികൾ ഉപയോഗിച്ചിരുന്ന പരമ്പരാഗത മാർഗങ്ങളാണ് ‘സൂബ’യും ‘ജിസ്സ’യും. അക്കാലത്ത് പ്രധാന ഭക്ഷണവും സാമ്പത്തിക അടിത്തറയും ഈത്തപ്പഴമായിരുന്നതിനാൽ, വിളവെടുപ്പുകാലം കഴിഞ്ഞാലും വർഷം മുഴുവൻ ഇവ കേടുകൂടാതെ സൂക്ഷിക്കേണ്ടത് കുടുംബങ്ങളുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായിരുന്നു. ഇതിനായി വീടുകൾക്കുള്ളിൽ തന്നെ തദ്ദേശീയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രത്യേക ഇടങ്ങൾ അവർ സജ്ജീകരിക്കുകയായിരുന്നു.
സാധാരണയായി രണ്ടു മീറ്റർ നീളത്തിലും രണ്ടു മീറ്റർ വീതിയിലുമാണ് ‘സൂബ’ നിർമിച്ചിരുന്നത്. മുകൾഭാഗത്തുള്ള വാതിലിലൂടെയാണ് വിളവെടുത്ത ഈത്തപ്പഴം ഘട്ടംഘട്ടമായി ഇതിനുള്ളിലേക്ക് നിറച്ചിരുന്നത്. അതിനുശേഷം ഈച്ചയും പ്രാണികളും പൊടിപടലങ്ങളും കയറാതിരിക്കാൻ വായുകടക്കാത്ത വിധം ഭദ്രമായി അടച്ചുപൂട്ടും. ആവശ്യമുള്ളപ്പോൾ മാത്രം തുറന്ന് ഉപയോഗത്തിനുള്ളത് എടുത്ത ശേഷം വീണ്ടും അടച്ചുവെക്കുന്നതായിരുന്നു രീതി. അമർച്ച കാരണം ഈത്തപ്പഴത്തിൽ നിന്നുണ്ടാകുന്ന തേൻ പോലുള്ള ചാറ് പുറത്തേക്കൊഴുകാൻ അടിഭാഗത്ത് പ്രത്യേക ദ്വാരവും സജ്ജീകരിച്ചിരുന്നു.
പ്രദേശത്തുനിന്നു ലഭിക്കുന്ന കളിമണ്ണും മിനുസമാർന്ന കൽപ്പാളികളും ഉപയോഗിച്ചാണ് ‘ജിസ്സ’ നിർമിച്ചിരുന്നത്. ഇതിെൻറ വിടവുകളും വിള്ളലുകളും അടച്ച് ഈത്തപ്പഴം സുരക്ഷിതമാക്കാൻ ഉൾവശം ചുണ്ണാമ്പ് (ജിപ്സം) പൂശുമായിരുന്നു.
ജിസ്സയുടെ അടിഭാഗത്തും ചാറ് പുറത്തുപോകാനായി പ്രത്യേക ദ്വാരം ഉണ്ടായിരുന്നു. ഇത്തരത്തിൽ വേർതിരിച്ചെടുക്കുന്ന ചാറ് പിന്നീട് ഭക്ഷണമായി ഉപയോഗിച്ചിരുന്നതിനാൽ, വിളവെടുത്ത ഈന്തപ്പഴത്തിെൻറ ഒരു അംശം പോലും പാഴായിപ്പോയിരുന്നില്ല.
പഴയകാലത്ത് ഖസീമിലെ നിരവധി വീടുകളിലുണ്ടായിരുന്ന ഈ സംവിധാനങ്ങൾ കുടുംബങ്ങൾക്ക് എപ്പോഴും ഈത്തപ്പഴ ശേഖരം ഉറപ്പാക്കുകയും വിപണിയിൽനിന്ന് വീണ്ടും വാങ്ങേണ്ട സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും ചെയ്തു. റിയാദ് അൽ ഖുബ്ര ഗവർണറേറ്റിലെ ഒരു പഴയ വീട്ടിൽ ഇന്നും സൂക്ഷിച്ചിട്ടുള്ള ‘സൂബ’, പണ്ടുകാലത്ത് ആളുകൾ അവലംബിച്ചിരുന്ന ഭക്ഷണ സംരക്ഷണ രീതികളുടെ വാസ്തുവിദ്യാപരവും പ്രായോഗികവുമായ മികവിന് തെളിവായി നിലകൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.