റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് റിയാദിൽ അവശനിലയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വേദശിയെ നാട്ടിലെത്തിക്കാൻ സഹായം തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ പോയ മുത്തശ്ശൻ വാഹനാപകടത്തിൽ മരിച്ചു. റിയാദിൽ വാഹനാപകടത്തിൽ പെട്ട സുൽത്താൻപൂർ, സംവാദ് സൂത്ര് സ്വദേശി മുഹമ്മദ് ഖുർബാെൻറ (30) മുത്തശ്ശൻ മുഹമ്മദ് അബ്രാറാണ് (70) ഒക്ടോബർ 18ന് അലഹാബാദ് ^ ഫൈസാബാദ് ഹൈവേയിലെ ഖജൂർഗഢിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മുഖ്യമന്ത്രി യോഗിയുടെ അടുത്തിടെ വാർത്താപ്രാധാന്യം നേടിയ അയോധ്യ സന്ദർശനത്തിനിടയിൽ അദ്ദേഹത്തെ നേരിൽ കണ്ട് സഹായം അഭ്യർഥിക്കാനുള്ള യാത്രക്കിടെയായിരുന്നു അപകടം.
ദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി കുടുംബത്തെ വേട്ടയാടുന്നതിനിടെ ഇേപ്പാൾ റിയാദ് നാഷനൽ ഗാർഡ് ആശുപത്രിയിൽ നിന്ന് വിട്ടയച്ച ഖുർബാനെ കാണാതായി. പരിക്കുകൾ ഭേദമായതിനെ തുടർന്ന് തൊഴിലുടമ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയെന്നാണ് അറിയുന്നത്. അതേസമയം എവിടെയാണുള്ളതെന്ന് വീട്ടുകാർക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല. വിഷയത്തിൽ ആദ്യം മുതലേ ഇടപെടുന്ന റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകൻ ഷാനവാസ് രാമഞ്ചിറ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഒന്നര വർഷം മുമ്പ് റിയാദിലെത്തിയ ഖുർബാൻ സ്വദേശി വീട്ടിൽ ഡ്രൈവറായിരുന്നു. ആഗസ്റ്റ് 13ന് ഖുറൈസ് റോഡിൽ എക്സിറ്റ് 30ന് സമീപം ഇയാൾ ഒാടിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ് റോഡരുകിൽ കിടന്ന അജ്ഞാതൻ എന്ന നിലയിലാണ് പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇഖാമയുൾപ്പെടെ തിരിച്ചറിയാൻ സഹായിക്കുന്ന രേഖകളൊന്നുമുണ്ടായിരുന്നില്ല. ഒരു മാസമായിട്ടും ആരും അന്വേഷിച്ചെത്തിയതുമില്ല. ആശുപത്രി ജീവനക്കാരിൽ നിന്ന് വിവരമറിഞ്ഞാണ് ഷാനവാസ് ആശുപത്രിയിലെത്തിയത്. യുവാവ് അർധബോധാവസ്ഥയിലായിരുന്നു. സംസാരിക്കാനും കഴിയില്ലായിരുന്നു. ദിവസങ്ങൾക്ക് ശേഷം നേരിയ തോതിൽ സംസാരിക്കാനായപ്പോൾ നാട്ടിലെ ബന്ധുക്കളുടെ ഫോൺ നമ്പർ ചോദിച്ചറിഞ്ഞ് ഷാനവാസ് വിവരം വിളിച്ചറിയിക്കുകയായിരുന്നു.
യുവാവിനെ കാണാനില്ല എന്ന വിവരമേ വീട്ടുകാർക്ക് അപ്പോഴുണ്ടായിരുന്നുള്ളൂ. തുടർന്ന് നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമമാരംഭിച്ചു. ഇതിന് വേണ്ടി കുടുംബം വിദേശമന്ത്രി സുഷമ സ്വരാജിന് സഹായം തേടി കത്തയച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് സഹായം അഭ്യർഥിക്കാനാണ് മുത്തശ്ശൻ അബ്രാർ പോയത്. അത് ദുരന്തത്തിൽ അവസാനിച്ചു. പിതാവ് മുഹമ്മദ് അമീനും മറ്റ് കുടുംബാംഗങ്ങളും ആകെ തകർന്ന അവസ്ഥയിലാണ്. ഇപ്പോൾ മകനെ കാണാതായെന്ന വിവരം കൂടി അറിഞ്ഞതോടെ തളർന്നുപോയി. മാതാവ് രോഗശയ്യയിലുമായി. യു.പിയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ ഹഖാണ് കുടുംബത്തിന് താങ്ങായി രംഗത്തുള്ളത്. റിയാദിൽ ഷാനവാസ് യുവാവിനെ കുറിച്ചുള്ള അന്വേഷണവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.