പ്രവാസത്തിന്റെ ഗാരൻറി എത്രയെന്ന് അറിയുന്നവർ ആരുമില്ല. കാലാവസ്ഥ മാറുന്നതുപോലെയാണ് പ്രവാസികളുള്ള ഓരോ നാട്ടിലെയും നിയമങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നത്. ഏതു നിമിഷവും കെട്ടും ഭാണ്ഡവുമായി വിമാനം കയറേണ്ടവരാണെന്ന ബോധ്യം സ്വയമുണ്ടെങ്കിലും സ്വന്തക്കാർക്ക് അത് ഉണ്ടായിക്കൊള്ളണമെന്നില്ല. കണക്കെടുപ്പിനെത്തുന്ന സാറന്മാർക്ക് മുന്നിൽ വലുപ്പം കാണിക്കാനായി പറയും, മൂപ്പര് ഗൾഫിലാണ്.
എന്താണ് ജോലിയെന്നോ എത്രയാണ് കൂലിയെന്നോ എന്നാണ് മടക്കമെന്നോ അറിയാതെയാണ് പലപ്പോഴും ഈ പൊങ്ങച്ചം. അവരത് എഴുതിപ്പോകും. പിന്നെ വരുന്ന രേഖകളിൽ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാവുക വീട്ടുടമ ഗൾഫുകാരൻ എന്നും. ഒരു വാക്ക് മതി, കാര്യങ്ങളാകെ തകിടം മറിയാൻ.
നിർഭാഗ്യവശാൽ കണക്കെടുപ്പിന്റെ പിറ്റേന്ന് ജോലിയും കൂലിയും നഷ്ടപ്പെട്ട് വന്നിറങ്ങിയ പ്രവാസിക്ക് മുന്നിൽ നാട്ടിലെ രേഖകളിലെല്ലാം ഗൾഫുകാരൻ! റേഷൻ കാർഡിൽ പേരുണ്ട്, പക്ഷേ റേഷനരിയില്ല, വോട്ടർ കാർഡുണ്ട് എന്നാൽ വോട്ടില്ല, ആധാറില്ല, ആധാറില്ലെങ്കിൽ ലോണില്ല, തെളിവില്ല.
വീട്ടുകാരന്റെ ജോലിയെന്ത് എന്ന ചോദ്യത്തിന് നാട്ടിലുള്ളവർ കൊടുക്കുന്ന ഒറ്റ വാക്ക് ഉത്തരമാണ്, ഗൾഫ്! ഗൾഫിൽ കൂലിപ്പണിയാണെന്ന് അറിഞ്ഞാലും ഇല്ലെങ്കിലും പറയുന്നത് അത് മാത്രം.
നാട്ടിലെത്തി ഓരോ രേഖകളിലുമായി ഞാനിപ്പോൾ ഗൾഫുകാരനല്ല എന്ന് തെളിയിക്കാനായി പിന്നെ നടക്കേണ്ട കാതങ്ങളെത്രയോ, ചെന്ന് മുട്ടേണ്ട ഓഫിസ് വാതിലുകളെത്രയോ? സമർപ്പിക്കേണ്ട രേഖകളെന്തൊക്കെയോ! ഒരു പൊങ്ങച്ച വർത്തമാനത്തിന്റെ അനന്തരഫലം എത്രമേൽ ദുരിതമാവുന്നു എന്നറിയാൻ അത് നേരിട്ട് അനുഭവിക്കുകതന്നെ വേണം.
രേഖകളിൽ ഗൾഫുകാരൻ എന്നുചേർക്കാൻ വീട്ടുകാരുടെ ഒരു വാക്ക് മതി, വേറൊരു തെളിവും വേണ്ട. ഇപ്പോൾ ഗൾഫുകാരനല്ല എന്ന് തെളിയിക്കാൻ വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം സാക്ഷിപറഞ്ഞാലും മതിയാവില്ല, ഉദ്യോഗസ്ഥർക്കത് വിശ്വാസമാകില്ല. എംബസിയുടെ സാക്ഷ്യവും ജോലിചെയ്ത രാജ്യത്തെ സ്റ്റാമ്പുമൊന്നും ചിലപ്പോൾ മതിയാവാതെ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.