മദീന മസ്ജിദുന്നബവിയിൽ ജുമുഅ നമസ്കാരത്തിൽനിന്ന്
മദീന: ഇന്ത്യയിൽനിന്ന് കൂടുതൽ തീർഥാടകരെത്തി. ഈ ഹജ്ജ് സീസണിലെ ആദ്യ വെള്ളിയാഴ്ച മദീനയിൽ തീർഥാടകർ ജുമുഅയിൽ പങ്കെടുത്തു. തീർഥാടകർ പുലർച്ചെ മുതൽ ഹറമിലേക്കെത്തി, പള്ളിക്കകത്തുതന്നെ ഇടം പിടിച്ചു. ചൊവ്വാഴ്ച മുതൽ തുടങ്ങിയ ഇന്ത്യൻ ഹാജിമാരുടെ വരവ് തുടരുകയാണ്. ഇതുവരെ 13 എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി 5,000-ലധികം തീർഥാടകർ മദീനയിൽ എത്തിയിട്ടുണ്ട്. ഇവരെ പ്രവാചക പള്ളിക്കടുത്ത മർക്കസിയ ഭാഗത്താണ് താമസിപ്പിച്ചിട്ടുള്ളത്.
മക്കയിൽ ഇന്ത്യൻ തീർഥാടകർക്കുള്ള ഹജ്ജ് മിഷന്റെ ഒരുക്കം പരിശോധിക്കാൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ എത്തിയപ്പോൾ
രണ്ട് ബ്രാഞ്ചുകളിലാണ് കെട്ടിടങ്ങൾ ക്രമീകരിച്ചത്. മദീനയിലെത്തുന്ന ഹാജിമാർ പ്രവാചക നഗരിയിലെ വിവിധ ചരിത്രസ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. ഇതിനായി ഹാജിമാർ സ്വന്തമായും കൂട്ടായും പോകുന്നുണ്ട്, നാട്ടിൽനിന്നുള്ള ഹജ്ജ് വളന്റിയർമാർ അവർക്കുവേണ്ട നിർദേശങ്ങൾ നൽകുന്നുണ്ട്. എട്ട് ദിവസം മദീന സന്ദർശനം പൂർത്തിയാക്കുന്ന തീർഥാടകർ മക്കയിലേക്ക് തിരിക്കും. ഹജ്ജ് സർവിസ് കമ്പനി പ്രത്യേക ബസുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. മക്കയിൽ അനധികൃത തീർഥാടകരെതിരെ വ്യാപക പരിശോധന തുടരുകയാണ്.
താമസ കെട്ടിടങ്ങൾ മുതൽ മുഴുവൻ തെരുവുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജുമുഅ ദിവസം കൂടുതൽ പേരെ പരിശോധന നടത്തി. ശരിയായ രേഖകൾ ഇല്ലാത്തവരെ അറസ്റ്റ് ചെയ്തു. ഹജ്ജ് പെർമിറ്റ്, മക്കയിൽ ഇഷ്യൂ ചെയ്ത ഇഖാമ, മക്ക എൻട്രി പെർമിറ്റ് ഉള്ളവർക്ക് മാത്രമേ മക്കയിൽ തങ്ങാനാവൂ. ഇല്ലാത്തവർക്ക് 20,000 മുതൽ ലക്ഷം രൂപ വരെയാണ് പിഴ. 10 വർഷത്തേക്ക് നാടുകടത്തലും നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.