യാംബു അൽ നഖ്ലിലെ ‘മൂൺ മൗണ്ടൻ’ വ്യൂപോയന്റ്
യാംബു: അപൂർവ കാഴ്ചയാണ് യാംബു അൽ നഖ്ലിലെ ‘മൂൺ മൗണ്ടൻ’. യാംബു നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് മലമുകളിലെ മനോഹര നിർമിതിയായ ഈ നിരീക്ഷണ സ്തൂപം. ‘അബു ഖറാത്ത്’ എന്ന ചെറിയൊരു കുന്നിൻമുകളിൽ തലയുയർത്തിനിൽക്കുന്ന ഗോപുരം വളരെ ദൂരെനിന്നുതന്നെ ആളുകളുടെ ദൃഷ്ടിയിൽ പതിയും. യാംബു അൽ നഖ്ൽ റോഡിൽനിന്നാണ് സ്തൂപത്തിന് അടുത്തേക്ക് പോകാനുള്ള റോഡ്.
മൂൺ മൗണ്ടൻ ഏരിയയിൽ കുറച്ച് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള ഇടമുണ്ട്. ആരെയും വശീകരിക്കുന്ന പ്രകൃതിയും അനേകം മലനിരകളും അതിനിടയിലുള്ള താഴ്വാരങ്ങളും അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അവയുടെ ‘വൈബ്’ അനുഭവിക്കാനുമാണ് ആളുകള്‍ ഇവിടെയെത്തുന്നത്. സ്തൂപത്തിന്റെ മുകളിലെത്താൻ ഗോവണിപ്പടികൾ നിർമിച്ചിട്ടുണ്ട്. മുകൾത്തട്ടിൽ വിശ്രമിക്കാൻകൂടി പറ്റുന്ന രീതിയിൽ രൂപകൽപന ചെയ്ത ചെറിയ ഹാളിന്റെ നാലുവശങ്ങളിലും വിശാലമായ തുറന്ന ജാലകങ്ങളിലൂടെ പുറംകാഴ്ചകൾ ആസ്വദിക്കാം.
ചുറ്റുമുള്ള കുന്നുകളുടെയും താഴ്വരകളുടെയും അതിമനോഹര കാഴ്ചകൾ ഇവിടെനിന്ന് പകർത്താൻ കഴിയും. സ്തൂപത്തിനരികെയുള്ള വിശാലമായ പാറക്കെട്ടിൽ കുടുംബങ്ങൾ ഒന്നിച്ചിരുന്ന് വൈകുന്നേരങ്ങൾ ചെലവഴിക്കുന്നത് കാണാം. യാംബു അൽ നഖ്ലിലെ മനോഹരമായ താഴ്വരക്കാഴ്ചയാണ് ‘മൂൺ മൗണ്ടൻ’ ഏരിയയിൽനിന്നുള്ള മുഖ്യ ആകർഷകം. പ്രകൃതിദത്തമായ ആർച്ചോടുകൂടിയ ഈ കുന്ന് സ്വദേശി സഞ്ചാരികൾ വിശ്രമിക്കാൻ തെരഞ്ഞെടുക്കുന്ന ഇടമാണ്.
കണ്ണെത്താദൂരത്തോളം മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് ഏറെസമയം ഇവിടെ ചെലവഴിക്കുന്നവരെ കാണാം. പ്രദേശത്തിന് അടുത്തൊന്നും ആൾതാമസമോ കടകളോയില്ല. അതിനാൽതന്നെ ഇങ്ങോട്ട് യാത്ര ചെയ്യുന്നവർ ആവശ്യത്തിന് കുടിവെള്ളവും ഭക്ഷണവും കരുതിയാണ് എത്തുന്നത്. ചന്ദ്രക്കലയുടെ ആകൃതിയുള്ള താഴ്വരകാഴ്ചകൾ മുകളിൽനിന്ന് നോക്കുമ്പോൾ സന്ദർശകർക്ക് അനുഭവപ്പെടുന്നതിനാലാകാം ഈ പ്രദേശത്തിന് ‘മൂൺ മൗണ്ടൻ’ എന്ന പേരു വന്നത് എന്ന് പറയപ്പെടുന്നു.
ശാന്തമായ അന്തരീക്ഷവും അതേസമയം ആരെയും വശീകരിക്കുന്ന പ്രകൃതിദൃശ്യങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. മനസ്സും ശരീരവും ഒരുപോലെ കുളിർപ്പിക്കുന്ന യാത്രകളും വേനൽക്കാലത്തെ വീക്കെൻഡ് ട്രിപ്പുകളും യാംബുവിലെ മലയാളികളടക്കമുള്ള വിവിധ കൂട്ടായ്മകളുടെ കീഴിൽ ഇങ്ങോട്ടും സംഘടിപ്പിക്കാറുണ്ട്. വൈവിധ്യങ്ങൾനിറഞ്ഞ പ്രകൃതിദൃശ്യങ്ങളുടെയും ഉരുണ്ട കുന്നുകളുടെയും വിദൂരകാഴ്ചകളുടെ മനോഹരമായ പശ്ചാത്തലത്തിന്റെ ഇടം കൂടിയാണിവിടം. പർവതത്തിന്റെ ഇരുവശങ്ങളിലും അടിവാരങ്ങളിൽ മേയുന്ന ഒട്ടകങ്ങളുടെയും ആടുകളുടെയും പാറിപ്പറക്കുന്ന പറവകളുടെയും കാഴ്ച്ചകളും ‘മൂൺ മൗണ്ടൻ’ ഏരിയയിൽനിന്നുള്ള ഏറെ ഹൃദ്യമായ കാഴ്ച തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.