‘നാശമാണ് ലിബറലിസം, പ്രതിരോധിക്കുക’ വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ എം.എം. അക്ബർ സംസാരിക്കുന്നു
ജിദ്ദ: ആധുനികതയുടെ പ്രത്യയശാസ്ത്രമായി കൊട്ടിഘോഷിക്കുന്ന ലിബറലിസം മുന്നോട്ടുവെക്കുന്ന സ്ത്രീ-പുരുഷ സമത്വത്തിന് സ്ത്രീയുടെ ജൈവശാസ്ത്രപരമായ ധർമത്തോട് നീതിപുലർത്താൻ കഴിയില്ല എന്നതുകൊണ്ടുതന്നെ അത് പ്രകൃതിവിരുദ്ധമായ, ഒരിക്കലും നടക്കാത്ത ഒരു യുട്ടോപ്യൻ ആശയമാണെന്ന് വാഗ്മിയും ഗ്രന്ഥകാരനും ഇസ്ലാമിക പ്രബോധകനുമായ എം.എം. അക്ബർ അഭിപ്രായപ്പെട്ടു. ‘നാശമാണ് ലിബറലിസം, പ്രതിരോധിക്കുക’ വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി മതകാര്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ‘കുടുംബം തകരാതിരിക്കാൻ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിബറലിസം മുന്നോട്ടുവെക്കുന്ന മൂല്യങ്ങളാണ് സമത്വവും സ്വാതന്ത്ര്യവും.
അവിടെ സ്ത്രീക്കും പുരുഷനും തുല്യ സ്വാതന്ത്ര്യമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, സ്ത്രീയുടെ മാത്രം സവിശേഷതയായ അമ്മയാവുക, മുലയൂട്ടുക എന്നീ സാമൂഹിക കർത്തവ്യങ്ങൾ പുരുഷന് ഒരിക്കലും ചെയ്യാൻ സാധിക്കാത്തതിനാൽ ലിബറൽ വാദങ്ങൾക്ക് പ്രസക്തിയില്ല. പുരുഷനും സ്ത്രീയും പാരസ്പര്യത്തിലുള്ള സമത്വം വിഭാവനം ചെയ്യുന്ന ഘടനയാണ് കുടുംബം എന്നത്. അവിടെ ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാൾക്കുവേണ്ടി വിട്ടുകൊടുക്കേണ്ടതുണ്ട്.
എന്നാൽ, ലിബറലിസം മുന്നോട്ടുവെക്കുന്ന ജെൻഡർ ന്യൂട്രൽ ആശയങ്ങൾ സ്ത്രീയുടേയും പുരുഷന്റെയും സവിശേഷതകൾ തീരെ പരിഗണിക്കാതെയുള്ള ഒരു സമൂഹനിർമിതിയാണ് ലക്ഷ്യം വെക്കുന്നത്. അത്തരത്തിലുള്ള സാമൂഹികാന്തരീക്ഷം ധാർമികതക്ക് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ഇന്നത്തെ കുടുംബത്തിനകത്ത് നിലനിൽക്കുന്ന സ്നേഹത്തേയും അനുകമ്പയേയും നശിപ്പിക്കുകയും കുട്ടികളുടെ മനോവളർച്ചയിൽ ആഘാതം സൃഷ്ടിക്കുകയും ചെയ്യുകവഴി അധാർമികതയിലധിഷ്ഠിതമായ ഒരു തലമുറയുടെ സൃഷ്ടിപ്പിന് വഴിയൊരുക്കുമെന്നും എം.എം. അക്ബർ സമർഥിച്ചു.
‘മക്കൾ നശിക്കാതിരിക്കാൻ’ വിഷയത്തിൽ പണ്ഡിതൻ അലി ശാക്കിർ മുണ്ടേരിയും സംസാരിച്ചു. ജിദ്ദ മതകാര്യ വകുപ്പ് പ്രതിനിധിയായ അലിഹിബ അബൂ യാസിർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്ലാഹീ സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദുറഹ്മാൻ യൂസുഫ് ഫദ്ൽ പങ്കെടുത്തു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ അംഗമായ അഷ്റഫ് ഏലംകുളത്തിന്റെ മകളും ജിദ്ദ ഇബ്നു തൈമിയ മദ്റസ പൂർവ വിദ്യാർഥിനിയുമായ റന ഫാത്തിമ വരച്ച ഖുർആൻ കാലിഗ്രഫി വേദിയിൽവെച്ച് എം.എം. അക്ബറിന് സമ്മാനിച്ചു. ശിഹാബ് സലഫി എടക്കര സ്വാഗതവും ശാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.