ഹൂതികള്‍ തൊടുത്തത് സ്കഡ് മിസൈല്‍;  വിദഗ്ധ സഹായം ലഭിച്ചിരിക്കുമെന്ന് അനുമാനം

ദമ്മാം: ഒന്നാം ഗള്‍ഫ് യുദ്ധത്തിന്‍െറ കാലത്താണ് സ്കഡ് മിസൈല്‍ എന്ന വാക്ക്  മലയാളികള്‍ക്ക് പരിചിതമായത്. ഇറാഖ് പ്രസിഡന്‍റായിരുന്ന സദ്ദാം ഹുസൈന്‍െറ ആവനാഴിയിലെ ഏറ്റവും ഭീഷണമായ ആയുധമായിരുന്നു അത്. സ്കഡിന്‍െറ ഭീഷണിയില്‍ നിന്ന് സഖ്യരാഷ്ട്രങ്ങളെ സംരക്ഷിക്കാന്‍ അമേരിക്കയുടെ കാര്‍മികത്വത്തില്‍ ഗള്‍ഫ് മേഖലയില്‍ പേട്രിയറ്റ് പ്രതിരോധ സംവിധാനവും സ്ഥാപിക്കപ്പെട്ടു. ഇറാന്‍-ഇറാഖ് യുദ്ധത്തിലും ’80 കളിലെ അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിലും പിന്നീട് യമനിലും ലിബിയയിലും സിറിയയിലുമൊക്കെ ഈ മിസൈലിന്‍െറ വകഭേദങ്ങള്‍ രംഗം കൈയടക്കി. ശീത യുദ്ധകാലത്തെ സോവിയറ്റ് നിര്‍മിതിയാണ് ലോകമെങ്ങും പേരുകേള്‍പ്പിച്ച ഈ ആയുധം. 
ഇതേ ശ്രേണിയില്‍ പെട്ട മിസൈലാണ് വ്യാഴാഴ്ച രാത്രി മക്കക്ക് നേരെ യമനിലെ ഹൂതി വിമതര്‍ തൊടുത്തത്. മൂന്നാംലോക രാജ്യ സൈന്യങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നതാണ് ഈ ഉപരിതല-ഉപരിതല മിസൈല്‍. റഷ്യയില്‍ നിന്ന് ഈ ഗണത്തില്‍ പെട്ട നൂറുകണക്കിന് മിസൈലുകള്‍ കഴിഞ്ഞ കാലങ്ങളില്‍ യമന്‍ സര്‍ക്കാര്‍ വാങ്ങിയിരുന്നു. യമനി ആയുധപ്പുരകളില്‍ സൂക്ഷിച്ചിരുന്ന ഇവ രാജ്യത്തിന്‍െറ നിയന്ത്രണം പില്‍ക്കാലത്ത് പിടിച്ചെടുത്ത അലി അബ്ദുല്ല സാലിഹിന്‍െറ സായുധ സംഘത്തിനും അതുവഴി ഹൂതി വിമതര്‍ക്കും കരഗതമാകുകയായിരുന്നു. 
അബ്ദുല്ല സാലിഹിന്‍െറയും ഹൂതികളുടെയും പരിമിതമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുന്നതല്ല സ്കഡിന്‍െറ സാങ്കേതിക വിദ്യയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മിസൈല്‍ തൊടുക്കാനുള്ള വിക്ഷേപണത്തറ സംവിധാനിക്കുന്നതും റഡാറുകളുടെ കണ്ണുവെട്ടിച്ച് ഇവ വിക്ഷേപിക്കുന്നതും അതീവ സാങ്കേതിക മികവു വേണ്ട ദൗത്യമാണ്.
വിക്ഷേപണത്തറയായി ഉപയോഗിക്കുന്ന വാഹനം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിനും നല്ല മികവുവേണം. അതുകൊണ്ട് തന്നെ ഇതു ഹൂതികളുടെ മാത്രം ചെയ്തിയാണെന്ന് മേഖലയിലെ സൈനിക വിദഗ്ധര്‍ കരുതുന്നില്ല. വിരലുകള്‍ നീളുന്നത് ഇറാന് നേര്‍ക്കാണ്. ഇറാനിയന്‍ വിദഗ്ധരുടെയോ സാലിഹിന്‍െറ സംഘത്തിലുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥരുടെയോ സഹായം ഇതിന് ലഭിച്ചിരിക്കാമെന്നാണ് ഈജിപ്ഷ്യന്‍ സൈനിക വിദഗ്ധനായ ഹിശാം അല്‍ ഹലബി സൂചിപ്പിക്കുന്നത്. 
300 കിലോമീറ്ററിലേറെ പ്രഹരശേഷിയുള്ള തരം മിസൈലാണ് മക്കക്ക് നേരെ ഇവര്‍ വിക്ഷേപിച്ചത്. പരിധിയിലുള്ള ഏതു ഉപരിതല ലക്ഷ്യവും തകര്‍ക്കാന്‍ ഇതിന് സാധിക്കുകയും ചെയ്യും. പക്ഷേ, ഇതിലും സാങ്കേതിക തികവുള്ള മിസൈലുകളെയും തകര്‍ക്കാനുള്ള പ്രതിരോധ സംവിധാനമാണ് സൗദിക്കുള്ളത്. ഈ മികവാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുസ്ലിം ലോകത്തെ കാത്തത്. മക്കക്ക് 65 കിലോമീറ്റര്‍ അകലെ ആകാശത്തുവെച്ച് മിസൈലിനെ തകര്‍ത്തുവെന്ന് മാത്രമല്ല, തൊട്ടുപിന്നാലെ യമനിലെ സഅദയിലുള്ള വിക്ഷേപണ കേന്ദ്രം ബോംബിട്ട് നശിപ്പിക്കുകയും ചെയ്തു. 
സ്കഡിന്‍െറ എ,ബി,സി,ഡി തുടങ്ങിയ തലമുറ മിസൈലുകളും സാലിഹിന്‍െറ സംഘം കൈയാളുന്നതായാണ് സൂചന. കഴിഞ്ഞ നൂറ്റാണ്ടിന്‍െറ മധ്യത്തില്‍ രംഗത്തത്തെിയതാണ് എ മോഡല്‍. 180 കിലോമീറ്ററാണ് ഇതിന്‍െറ പ്രഹരപരിധി. 1960 കളുടെ തുടക്കത്തിലുള്ളതാണ് ‘ബി’, ശേഷി 220 കിലോമീറ്റര്‍. ’60കളുടെ അവസാനം വന്ന ‘സി’ 280 കീ.മീറ്റര്‍ വരെ എത്തും. ‘80കളില്‍ രംഗത്തത്തെിയ ‘ഡി’ക്കാണ്  300 കിലോമീറ്ററിന് മുകളില്‍ പരിധിയുള്ളത്. 
കൃത്യതയും വേഗതയും ഇവക്ക് വ്യത്യസ്തമാണ്. ഇതില്‍ പലതും കഴിഞ്ഞ കാലങ്ങളില്‍ സൗദിക്ക് നേരെ ഹൂതികള്‍ വിക്ഷേപിച്ചിട്ടുണ്ട്. എല്ലാംതന്നെ വിജയകരമായി തകര്‍ക്കാന്‍ കഴിഞ്ഞു. ഇറാനാണ് ഹൂതികളുടെ ആയുധപ്പുര നിറക്കുന്നതെന്നാണ് ആരോപണം. ഇറാനില്‍ നിന്ന് ആയുധങ്ങളുമായി വന്ന നിരവധി കപ്പലുകള്‍ തടയപ്പെട്ടിട്ടുമുണ്ട്. 

Tags:    
News Summary - misail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.