ലൈവ് ചാറ്റിങ്ങിൽ എ.കെ ഫൈസൽ, ശംസുദ്ദീൻ നെല്ലറ
എന്നിവരുമായി മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ
നിഷാദ് റാവുത്തർ സംസാരിക്കുന്നു
റിയാദ്: പുതിയ ബിസിനസ് കമ്യൂണിറ്റിക്ക് ഉത്തേജനം പകർന്ന് മീഡിയവൺ സംഘടിപ്പിച്ച ഫ്യൂച്ചർ സമ്മിറ്റ് റിയാദിൽ നടന്നു. റിയാദ് മലയാളി ബിസിനസ് സമൂഹത്തിന്റെ അത്യപൂർവ ഒത്തുചേരലായി മാറിയ ഉച്ചകോടി സൗദി വാർത്ത മന്ത്രാലയ ഡയറക്ടർ ഹുസൈൻ അൽ ശമ്മാരി ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലും എ.ഐ രംഗത്തും രാജ്യം കൈവരിച്ച ബൃഹത്തായ നേട്ടങ്ങൾ അദ്ദേഹം വിവരിച്ചു. ഇന്ത്യാ-സൗദി സൗഹൃദത്തെയും ഇന്ത്യൻ കമ്യൂണിറ്റി നൽകിയ സംഭാവനകളെയും ശമ്മാരി എടുത്തുപറഞ്ഞു. മികച്ച അവസരങ്ങൾ സൃഷ്ടിക്കുവാനും ഭാവിയെ രൂപകൽപന ചെയ്യുവാനും ഉച്ചകോടിക്കാവട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. മീഡിയവൺ സി.ഇ.ഒ മുഷ്ത്താഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സാമ്പത്തിക വൈവിധ്യവത്കരണത്തിലൂടെയും വൻകിട പദ്ധതികളിലൂടെയും മുന്നോട്ടുകുതിക്കുന്ന സൗദിയിൽ പ്രവാസികളുടെ ഭാവി മെച്ചപ്പെടുത്തുവാനും സാമൂഹിക പുനർനിർമാണത്തിൽ വ്യത്യസ്ത വിഭാഗങ്ങളെ കേൾക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണ് മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ഹാരിസ് (ലുലു ഗ്രൂപ്), നുവൈസ് ചേനങ്ങാടൻ (ഇംപെക്സ്), റഹീം പട്ടർക്കടവൻ (റാകോ ഹോൾഡിങ്), ഗൾഫ് മാധ്യമം-മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി പാട്രൻ സിദ്ദിഖ് ബിൻ ജമാൽ, മീഡിയവൺ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ സ്വവാബ് അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ പി.ബി.എം ഫർമീസ് സ്വാഗതമാശംസിച്ചു.
മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് ഉദ്ഘാടന സെഷനിൽ സൗദി വാർത്ത മന്ത്രാലയ ഡയറക്ടർ ഹുസൈൻ അൽ ശമ്മാരി, മുഷ്ത്താഖ് അഹമ്മദ്, നുവൈസ് ചേനങ്ങാടൻ, സിദ്ദിഖ് ബിൻ ജമാൽ, പി.ബി.എം ഫർമീസ്, സ്വവാബ് അലി എന്നിവർ
മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡുകൾ അമീർ മുസ്തഫ, മുനീർ മുസ്തഫ എന്നിവർക്ക് സമ്മാനിച്ചു. സുനിത സുരേഷ്, ആരിഫ് അബ്ദുല്ല, അഷ്റഫ് കൊപ്പക്കാരെ, മഹ്റൂഫ് പൂളമണ്ണ, നൗഷാദ് മുഹമ്മദ് എന്നിവർക്കും മീഡിയവൺ സി.ഇ.ഒ പുരസ്കാരങ്ങൾ സമ്മാനിച്ചു.
വിവിധ സെഷനുകളിൽ ഉമർ അബ്ദുസ്സലാം ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിനെ കുറിച്ചും ജാബിർ അബ്ദുൽ വഹാബ് ഫാമിലി ബിസിനസിനെ കുറിച്ചും സംസാരിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്കുള്ള അവസരങ്ങളും വിവിധ ഉൽപന്നങ്ങളെ കുറിച്ച പരിചയപ്പെടുത്തലുമുണ്ടായിരുന്നു. വി.കെ. നദീർ, റിയാസ് ഹക്കീം എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.
മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ പ്രമുഖ സംരംഭകരായ എ.കെ. ഫൈസൽ (കോർപറേറ് എക്സി. ഡയറക്ടർ മലബാർ ഗോൾഡ്), ശംസുദ്ദീൻ നെല്ലറ (നെല്ലറ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി) എന്നിവരുമായി നടത്തിയ ലൈവ് ചാറ്റിങ്ങ് ശ്രദ്ധേയമായി.
വാണിജ്യ വ്യവസായ രംഗത്ത് നിന്നും മുതിർന്ന അംഗം കോയക്ക മുതൽ പുതുതലമുറയിലെ ഫഹീം ഇസ്സുദ്ദീൻ, സിയാദ് അബ്ദുറഹ്മാൻ കുട്ടി എന്നിവരടക്കം ഇരുന്നൂറോളം പേർ ഫ്യൂച്ചർ സമ്മിറ്റിൽ പങ്കെടുത്തു. റിയാദ് വോക്കോ ഹോട്ടലിൽ നടന്ന പരിപാടിയിൽ അർഫാസ് ഇഖ്ബാൽ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.