റിയാദ്: സെപ്റ്റംബർ 22ന് (തിങ്കൾ) ദമ്മാമ്മിലും 23ന് (ചൊവ്വ) റിയാദിലും നടക്കുന്ന മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റിൽ വാണിജ്യ വ്യവസായ രംഗത്ത് വിജയഗാഥകൾ രചിച്ച പ്രമുഖരും സംരംഭകരെ ഉത്തേജിപ്പിക്കുവാൻ ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പരിശീലകരും പങ്കെടുക്കും. വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തെ അഭൂതപൂർവമായ അവസരങ്ങളുമായി പൊരുത്തപ്പെടാൻ ആവശ്യമായ അറിവ്, പ്രചോദനം, ഉൾക്കാഴ്ച് എന്നിവ സമ്മിറ്റിലെ പങ്കാളികൾക്ക് പ്രദാനം ചെയ്യുന്നതായിരിക്കും ഉച്ചകോടിയുടെ ഉള്ളടക്കം. ഹോട്ടൽ ഗ്രാൻഡ് ഹയാത്ത് അൽഖോബറിലും ഹോട്ടൽ വോക്കോ റിയാദിലുമാണ് ഉച്ചകോടിയുടെ വെന്യൂ. ഉച്ചക്ക് ശേഷം മൂന്നിനാണ് ഇരുവേദിയിലെയും പരിപാടികൾക്ക് തുടക്കമാവുക
മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് 2025-ൽ പങ്കെടുക്കുന്ന പ്രമുഖർ; റിയാസ് ഹക്കീം, ജാബിർ അബ്ദുൽ വഹാബ്, നുവൈസ് ചേനങ്ങാടൻ, എ.കെ. ഫൈസൽ, ശംസുദ്ദീൻ നെല്ലറ, ഉമർ അബ്ദുസ്സലാം, മുഹമ്മദ് ആഷിഫ്
വൈകാരിക ബുദ്ധിയിലും തന്ത്രപരമായ വിൽപന വൈദഗ്ധ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇമോഷണൽ ലീഡർഷിപ് കോച്ച് റിയാസ് ഹക്കിം നയിക്കുന്ന കോച്ചിങ് സെഷൻ ഫ്യൂച്ചർ സമ്മിറ്റിലെ ഒരു പ്രധാന ഇനമാണ്. ബ്രിഡ്ജ്വേ ഗ്രൂപ് സി.ഇ.ഒ ജാബിർ അബ്ദുൾ വഹാബ് സൗദിയിലെ ബിസിനസ് രംഗത്ത് പുതിയ പ്രവണതകളെക്കുറിച്ചും ഫാമിലി ബിസിനസിലെ പരിവർത്തനങ്ങളെക്കുറിച്ചും സംസാരിക്കും.
ഇംപക്സ് ഗ്രൂപ് സ്ഥാപകനും മാനേജിങ് ഡയറക്ടറും കെ.സി.എം അപ്ലയൻസസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ നുവൈസ് ചേനങ്ങാടൻ എന്ന സംരംഭകനായിരിക്കും മറ്റൊരു ശ്രദ്ധാകേന്ദ്രം. നിർമാണ രംഗത്തും അന്തർദേശീയ വ്യാപര രംഗത്തും വലിയ നാഴികക്കല്ലുകൾ സ്ഥാപിച്ച അദ്ദേഹത്തിന്റെ നൈപുണ്യം അനുവാചകർക്ക് മൂല്യവത്തായിരിക്കും.
മലബാർ ഗ്രൂപ് സഹസ്ഥാപകനും നിലവിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോർപറേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന എ.കെ. ഫൈസൽ, നെല്ലറ ഗ്രൂപ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ നെല്ലറ എന്നിവരും ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ബിസിനസ് രംഗത്ത് പിന്നിട്ട വഴികളെക്കുറിച്ചും വിജയത്തിലേക്കുള്ള ചുവടുകളെ പറ്റിയും അവർ വിലപ്പെട്ട പാഠങ്ങൾ പങ്കുവെക്കുന്നതാണ്.
എഡാപ്റ്റ് സ്ഥാപകനും സി.ഇ.ഒയുമായ ഉമർ അബ്ദുസ്സലാം, ആഗോള തലത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ അനന്ത സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന കാര്യം സംവദിക്കും. എക്സ്പെർട്ടൈസ് കോൺട്രാക്റ്റിങ് കമ്പനി ലിമിറ്റഡ് പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് ആഷിഫ് മറ്റൊരു സെഷൻ കൈകാര്യം ചെയ്യും.
നിങ്ങൾ ഒരു ബിസിനസ് ഉടമയോ, നേതൃത്വ മികവ് ലക്ഷ്യമിടുന്ന ഒരു എക്സിക്യൂട്ടിവോ, അല്ലെങ്കിൽ ഭാവിക്ക് അനുഗുണമായ സംരംഭങ്ങൾ അന്വേഷിക്കുന്ന ഒരു നിക്ഷേപകനോ ആകട്ടെ, ഉൾക്കാഴ്ചയുള്ളതും ശാക്തീകരിക്കുന്നതും ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ ഒരു അനുഭവം നിങ്ങൾക്ക് നൽകുമെന്ന് ഫ്യൂച്ചർ സമ്മിറ്റ് 2025 വാഗ്ദാനം ചെയ്യുന്നുവെന്ന് മീഡിയവൺ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.