യാംബുവിൽ മെക്-7 വ്യായാമ കൂട്ടായ്മക്ക് തുടക്കം കുറിച്ചപ്പോൾ
യാംബു: ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് മലബാറിൽ പ്രചാരണം നേടിയ മൾട്ടി എക്സസൈസ് കോമ്പിനേഷൻ (മെക്-7) എന്ന വ്യായാമ കൂട്ടായ്മക്ക് യാംബുവിലും തുടക്കം കുറിച്ചു. യാംബു ടൗൺ ഹിസ്റ്റോറിക്കൽ പാർക്കിലെ സനൂസി മസ്ജിദിന് സമീപത്തെ ഏരിയയിലാണ് മെക് -7 ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങിൽ യാംബുവിലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും ബിസിനസ് കായിക, മാധ്യമ രംഗത്തുള്ളവരും വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുമായ അമ്പതോളം ആളുകൾ പങ്കെടുത്തു. മെക്-7 ട്രെയിനർമാരായ ശിഹാബ് പുഴക്കാട്ടിരി, നിയാസ് പുത്തൂർ, ഹർഷദ് പുളിക്കൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.
അബ്ദുൽ കരീം താമരശ്ശേരി, അബ്ദുൽ ഹകീം ഇരുമ്പൂഴി, സിറാജ് മുസ്ലിയാരകത്ത്, ബഷീർ പൂളപ്പൊയിൽ, നാസർ നടുവിൽ, അനീസുദ്ദീൻ ചെറുകുളമ്പ്, അബ്ദുറഹീം കരുവന്തിരുത്തി, നിയാസ് യൂസുഫ്, അബ്ദുൽ കരീം പുഴക്കാട്ടിരി എന്നിവർ സംസാരിച്ചു. തിരക്കുപിടിച്ച പ്രവാസത്തിനിടെ ജീവിതശൈലീ രോഗങ്ങളിൽനിന്ന് മുക്തിനേടി മാനസികവും ശാരീരികവുമായ ഉന്മേഷം നേടാനും ശാരീരിക വേദനകളിൽനിന്ന് രക്ഷനേടാനും ദൈർഘ്യം കുറഞ്ഞ ഈ പ്രോഗ്രാമിലൂടെ സാധിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
യോഗ, എയ്റോബിക്സ്, ഫിസിയോ തെറപ്പി, ഡീപ് ബ്രീത്തിങ്, അക്യുപ്രഷർ, ഫേസ് മസാജ്, ലളിതമായ വ്യായാമം തുടങ്ങിയ ഏഴ് വ്യായാമങ്ങളുടെ ആനുപാതിക സങ്കലനമാണ് മെക്-7. 21 ഇനങ്ങളുള്ള മെക് സെവൻ പ്രോഗ്രാം ഏത് പ്രായത്തിലുള്ളവര്‍ക്കും അനായാസം ചെയ്യാനാകുന്ന വ്യായാമമുറകളാണ്.
ഓർമ വർധിപ്പിക്കാനും പേശീബലത്തിനും ശരീരത്തിെൻറ വിവിധ ഭാഗങ്ങൾ ഉത്തേജിപ്പിക്കപ്പെടാനും മെക്-7 സഹായിക്കുമെന്ന് പരിശീലകർ പറഞ്ഞു. യാംബുവിൽ സൗദി സ്പോട്സ് അതോറിറ്റിയുടെ എസ്.എഫ്.എ ആപ്പിൽ രജിസ്റ്റർ ചെയ്ത് അംഗീകാരത്തോടെയാണ് മെക് സെവൻ വ്യായാമ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. യാംബുവിൽ കൂട്ടായ്മയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ടൗണിലെ സൗജന്യ പരിശീലന കേന്ദ്രത്തിൽ ദിവസവും രാവിലെ 6.30 ന് നടക്കുന്ന വ്യായാമ പരിപാടിയിൽ പങ്കെടുക്കാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.