എൻ. ദേവദത്തൻ നമ്പൂതിരി, ഗിരിജാദേവി അന്തർജനം

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭർത്താവും മരണപ്പെട്ടു

കാസർകോട്: ഭാര്യയുടെ മൃതശരീരത്തിനരികെ ഇരുന്ന് നാമം ജപിക്കുന്നതിനിടെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു. കാസർകോട് ജില്ലയിലാണ് സംഭവം. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരിയാണ് (88) ഭാര്യ ഗിരിജാദേവി അന്തർജനത്തിന്റെ (75) മൃതദേഹത്തിനരികെ ഇരുന്ന് മരണപ്പെട്ടത്. ദമ്പതികളുടെ മരണം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സംഭവിച്ചത്.

ഇരുവരുടെയും മകനായ സതീഷ് ഡി. കരിവേലിയുടെ വിദ്യാനഗർ പാറക്കട്ടയിലെ വീട്ടിലാണ് ദാരുണ സംഭവം നടന്നത്. കാസർകോട് ഗവ. ഗേൾസ് വി.എച്ച്.എസ് സ്കൂൾ അധ്യാപകനാണ് സതീഷ്.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഗിരിജാദേവി അന്തർജനം 14-ാം തീയതി തിങ്കളാഴ്ച രാത്രി 11.30നാണ് അന്തരിച്ചത്. തുടർന്ന്, ഭാര്യയുടെ വിയോഗ വിവരം ഇന്നലെ രാവിലെ എട്ടരയോടെ ഭർത്താവ് ദേവദത്തൻ നമ്പൂതിരിയെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് കട്ടിലിൽ കിടന്ന അദ്ദേഹം മൃതദേഹത്തിനരികെ വന്ന് ഇരിക്കുകയും കണ്ണീരോടെ നാമം ജപിക്കാൻ തുടങ്ങുകയും ചെയ്തു.

ഇതിനിടയിൽ ദേവദത്തൻ നമ്പൂതിരിക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും സംസ്കാരം ഇരവിനല്ലൂരിലെ കുടുംബവീടായ കരിവേലി ഇല്ലം വളപ്പിൽ നടത്തി. രോഹിണി കെ. പോറ്റി (അസി. പ്രഫസർ, ഗവ. കോളജ്, കാസർകോട്) ആണ് മരുമകൾ.

Tags:    
News Summary - Husband Dies Hours After Wife While Chanting Prayers Beside Her Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.