മുൻശആത്ത് ഡെപ്യൂട്ടി ഗവർണർ സൗദ് ഖാലിദ് അൽസബ്ഹാനും കാർവ് സ്റ്റാർട്ടപ് ലാബ്‌സ് സി.ഇ.ഒ വിഷ്ണു നാഗരാജും ധാരണപത്രം ഒപ്പിട്ടപ്പോൾ
റിയാദ്: പാലക്കാട് സ്വദേശി വിഷ്ണു നാഗരാജിന്റെ സ്റ്റാർട്ടപ് സംരംഭത്തിന് സൗദി അറേബ്യയിൽനിന്ന് വ്യാപാര സഹകരണത്തിനുള്ള കരാർ. റിയാദ് വേദിയൊരുക്കിയ ‘ബിബാൻ 2025’ സംരംഭകത്വ സമ്മേളനത്തിലാണ് ചെറുകിട, ഇടത്തരം സംരംഭകരുടെ ജനറൽ അതോറിറ്റിയായ ‘മുൻശആത്തു’മായി വിഷ്ണു സി.ഇ.ഒയായ കാർവ് സ്റ്റാർട്ടപ് ലാബ്‌സ് ധാരണപത്രം ഒപ്പിട്ടത്. സ്റ്റാർട്ടപ് കമ്പനികളെ പിന്തുണക്കാനും ശാക്തീകരിക്കാനും മുൻശആത്തിന് കീഴിൽ പ്രവർത്തിക്കുന്ന ‘തമൂഹ് പ്രോഗ്രാമു’മായി സഹകരിക്കുന്നതിനാണ് ധാരണപത്രം.
ഇരു കൂട്ടരും തമ്മിലുള്ള മികച്ച രീതികളുടെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റം സുഗമമാക്കുകയും കരാറിന്റെ ലക്ഷ്യമാണ്. പ്രത്യേകിച്ച് വിപണി കണ്ടെത്തൽ പരിപാടികളിലും അന്താരാഷ്ട്ര പ്രദർശനങ്ങളിലും പങ്കാളിത്തവുമായി ബന്ധപ്പെട്ട മേഖലകളിൽ.
വിഷ്ണു നാഗരാജ് ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനോടൊപ്പം ‘ബിബാൻ 2025’ സമ്മേളന നഗരിയിൽ
മുൻശആത്ത് ഡെപ്യൂട്ടി ഗവർണർ സൗദ് ഖാലിദ് അൽസബ്ഹാനും കാർവ് സ്റ്റാർട്ടപ് ലാബ്‌സ് സി.ഇ.ഒ വിഷ്ണു നാഗരാജും കരാറിൽ ഒപ്പുവെച്ചു. നവീകരണത്തിലും സംരംഭകത്വത്തിലും വൈദഗ്ധ്യം നേടിയ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് സംരംഭകർക്ക് സമഗ്രമായ ഒരു പിന്തുണ ആവാസവ്യവസ്ഥ ഒരുക്കാനുള്ള മുൻശആത്തിന്റെ ശ്രമങ്ങളിൽ കാർവ് സ്റ്റാർട്ടപ് ലാബ്സും പങ്കാളിയാവും. അതുവഴി സൗദി സംരംഭങ്ങളുടെ ആഗോള ശൃംഖലയും വ്യാപ്തിയും വികസിപ്പിക്കാനാവും.
സംരംഭക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ആഗോള വിപണികളിലേക്ക് പ്രവേശനം നേടുന്നതിനും സുസ്ഥിര വളർച്ച കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ‘ബിബാൻ 2025’ പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായി സ്ട്രാറ്റജിക് കരാറുകളിൽ ഒപ്പുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.