നഴ്സിങ്​ ഗ്രേറ്റ് ക്യാച്ച് അവാർഡുമായി ഷെറിൻ സിറിയക്

മലയാളി നഴ്​സിന്​ സൗദിയിൽ പുരസ്കാര തിളക്കം

റിയാദ്: സൗദിയിലെ മലയാളി സമൂഹത്തിനു അഭിമാന നേട്ടമായി മലയാളി നഴ്​സിന്​ പുരസ്കാര തിളക്കം. കിങ് സഊദ് യൂനിവേഴ്‌സിറ്റിയുടെ ഈ വർഷത്തെ 'നഴ്സിങ്​ ഗ്രേറ്റ് ക്യാച്ച് അവാർഡ്' കോട്ടയം സ്വദേശി ഷെറിൻ സിറിയക്കിന്​. റിയാദിലെ കിങ് ഖാലിദ് ആശുപത്രിയൽ സ്റ്റാഫ് നഴ്‌സാണ്​ ഷെറിൻ. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആരോഗ്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിച്ചു.

കിങ് ഖാലിദ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കിടന്നിരുന്ന ഒരു രോഗിക്ക് കൊടുക്കേണ്ടിയിരുന്ന മരുന്ന്, ഗന്ധം കൊണ്ട് തെറ്റായ മരുന്നാണെന്നു കണ്ടുപിടിക്കുകയും അങ്ങനെ ഉണ്ടാകേണ്ടിയിരുന്ന ഒരു അപകടത്തിൽ നിന്ന് രോഗിയെ രക്ഷിക്കുകയും ചെയ്തതിനാണ് ഈ അംഗീകാരം. ഈ അസാധാരണ സേവന പ്രവർത്തനം പരിഗണിച്ചാണ്​ അവാർഡ് കമ്മിറ്റി ഷെറിൻ സിറിയകിനെ സൗദിയിലെ പ്രശസ്തമായ 'നഴ്സിങ്​ ഗ്രേറ്റ് ക്യാച്ച് അവാർഡി'ന് തെരഞ്ഞെടുത്തത്. കോവിഡ് ദുരിതകാലത്ത് ഷെറിന്‍റെ രോഗികളോടുള്ള പെരുമാറ്റം, സ്നേഹത്തോടെയുള്ള പരിചരണം, സേവന സന്നദ്ധത എന്നീ ഘടകങ്ങളും അവാർഡ് പരിഗണിക്കാൻ കാരണമായി.

കോട്ടയം കടുത്തുരുത്തി വെള്ളാശേരി സ്വദേശിയായ പൂവക്കുളത്തു ഷെറിൻ പി. സിറിയക് കഴിഞ്ഞ 15 വർഷമായി കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയാണ്. റിയാദ് ആസ്ഥാനമായ ഡെയ്‌സി (ഡിസീസ് അറ്റാക്കിങ് ഇൻ ഇമ്യൂണൽ സിസ്റ്റം) ഫൗണ്ടേഷന്‍റെ 2019-ലെ അവാർഡും ഇദ്ദേഹം നേടിയിട്ടുണ്ട്.

തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ പാട്രിക് ബാർനെസിന്‍റെ അകാല മരണത്തിൽ സങ്കടത്തിലായ ബാർനസ് കുടുംബം ദുരിത സമയത്തു കൂടെ നിന്ന നഴ്‌സുമാരോടുള്ള ആദര സൂചകമായാണ് ഡെയ്‌സി പുരസ്‌കാരം നൽകിയത്. തുടർന്ന് ജീവൻ രക്ഷക്കുള്ള കിങ് സഊദ് യൂനിവേഴ്‌സിറ്റി പുരസ്‌കാരം കൂടി ലഭിച്ചത് ഷെറിന് ഇരട്ടി മധുരമായി.

ഭാര്യ എലിസബത്ത്​ ഷെറിൻ കിങ് ഖാലിദ് ആശുപത്രിയിൽ തന്നെ നഴ്‌സായി ജോലിചെയ്യുന്നു. മകൻ ഏബൽ റിയാദ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിയാണ്.

Tags:    
News Summary - Malayalee nurse wins award in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.