ബാജുദ്ദീൻ മിയ
യാംബു: ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിലെത്തി നാട്ടിൽ പോകാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യൻ യുവാവ് ഒടുവിൽ സുമനസ്സുകളുടെ ഇടപെടലിലൂടെ നാടണഞ്ഞു. ഝാർഖണ്ഡിലെ പാലമു സ്വദേശിയായ ബാജുദ്ദീൻ മിയയാണ് അഞ്ചുവർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ യാംബുവിലെത്തിയത്.
രണ്ടുവർഷം കഴിഞ്ഞാൽ നാട്ടിലേക്ക് പോകാമെന്ന വ്യവസ്ഥ സ്പോൺസർ ലംഘിക്കുകയായിരുന്നു. ഒരു വർഷംകൂടി കഴിഞ്ഞാൽ നാട്ടിലേക്ക് വിടാമെന്ന സ്പോൺസറുടെ വാക്കിൽ വിശ്വസിച്ച് ബാജുദ്ദീൻ വീണ്ടും ജോലിയിൽ തുടർന്നു.
പിന്നീടും ഓരോ കാരണങ്ങൾ പറഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള വഴികൾ മുടക്കി സ്പോൺസർ തന്നെ കെണിയിൽപെടുത്തുകയാണെന്ന് മനസ്സിലാക്കിയപ്പോഴാണ് ബാജുദ്ദീൻ സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ടത്. ഇവരുടെ സഹായത്തോടെ ലേബർ കോടതിയിൽ പരാതി നൽകി. കോൺസുലർ കമ്യൂണിറ്റി വെൽഫെയർ അംഗങ്ങളായ മുസ്തഫ മൊറയൂർ, കെ.പി.എ. കരീം താമരശ്ശേരി എന്നിവർ പ്രശ്നത്തിൽ ഇടപെട്ടു. ആറു മാസത്തെ നിയമ നടപടികൾക്കൊടുവിൽ ബാജുദ്ദീന് കൊടുക്കാനുള്ള ശമ്പള കുടിശ്ശികയും വിമാന ടിക്കറ്റും എക്സിറ്റ് അടിച്ച പാസ്പോർട്ടും സ്പോൺസർ കൊടുക്കണമെന്ന് ലേബർ കോടതി വിധിച്ചു.
പക്ഷേ, മാസങ്ങൾ കഴിഞ്ഞാണ് സ്പോൺസർ ലേബർ കോടതിയിൽ ഹാജരായത്. കോടതിവിധി പ്രകാരം തൊഴിലാളിക്ക് നൽകാനുള്ള അവകാശങ്ങൾ ഉടൻ നൽകാമെന്ന് സ്പോൺസർ കോടതിയിൽ സമ്മതിച്ചെങ്കിലും പിന്നീട് അതിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പ്രശ്നപരിഹാരം തേടി വീണ്ടും ഒന്നര വർഷത്തിലധികം കയറിയിറങ്ങേണ്ടിവന്നു. പൊലീസിെൻറ ശക്തമായ ഇടപെടൽമൂലം അവസാനം സ്പോൺസർ വീണ്ടും ഹാജരായി. നാലു വർഷമായി പുതുക്കാതിരുന്ന താമസരേഖ പുതുക്കുകയും ഡ്രൈവിങ് ലൈസൻസും ഇഖാമയും കൈവശമില്ലാത്തതിന് വന്ന പിഴയും സ്പോൺസർ അടക്കുകയും ചെയ്തു.
കോവിഡ് പ്രതിസന്ധിയിൽ ഭക്ഷണത്തിനുപോലും വകയില്ലാത്ത ഘട്ടത്തിൽ കെ.എം.സി.സിയുടെ ഭക്ഷണ കിറ്റുകൾ നാസർ നടുവിൽ, നിയാസ് പുത്തൂർ, റിൻഷാദ് കൂട്ടിലങ്ങാടി എന്നിവർ എത്തിച്ചു കൊടുക്കുകയായിരുന്നു. യാത്രസൗകര്യങ്ങൾ ഒരുക്കാൻ കെ.എം.സി.സി പ്രവർത്തകരായ അയ്യൂബ് തൂമ്പത്ത് എടരിക്കോട്, ബഷീർ അൽഅസ്കർ താമരശ്ശേരി, റഫീഖ് വള്ളിയത്ത്, ഐ.സി.എഫ് പ്രവർത്തകൻ നജീബ് സഖാഫി വണ്ടൂർ എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.