യമനിൽ മലേറിയ നിയന്ത്രണത്തിനുള്ള കരാറിൽ കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅയും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനവും ഒപ്പുവെക്കുന്നു
റിയാദ്: യമനിൽ മലേറിയ പകർച്ചവ്യാധി നിയന്ത്രണ-പ്രതിരോധ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാൻ സൗദി അറേബ്യയുടെ കിങ് സൽമാൻ റിലീഫ് സെന്റർ ലോകാരോഗ്യ സംഘടനയുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. ആകെ 1.2 കോടി റിയാലിന്റെ പദ്ധതിക്കുവേണ്ടിയുള്ള കരാറിലാണ് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅയും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനവും ഒപ്പുവച്ചത്.
പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ വിപുലീകരണമാണ് കരാർ. ജനങ്ങൾക്ക് 1,30,000 കൊതുകുവലകൾ നൽകുക, കീടനാശിനികൾ ഉപയോഗിച്ച് അഞ്ച് ലക്ഷത്തിലധികം വീടുകളിൽ സ്പ്രേയിങ് കാമ്പയിനുകൾ നടത്തുക, മലേറിയ ബാധിച്ച മുതിർന്ന രോഗികൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും മരുന്നുകൾ വാങ്ങി നൽകുക, 10 ലക്ഷം റാപ്പിഡ് മലേറിയ ഡിറ്റക്ടറുകൾ ലഭ്യമാക്കുക, വിവിധ തരത്തിലുള്ള ലബോറട്ടറികൾക്കും അന്വേഷണ പ്രവർത്തനങ്ങൾക്കുമായി മെഡിക്കൽ ഉപഭോഗവസ്തുക്കൾ നൽകുക, പകർച്ചവ്യാധിയെ ചെറുക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ നൽകുക, പകർച്ചവ്യാധിക്കെതിരെയുള്ള യമൻ ദേശീയ പരിപാടിയെ പിന്തുണക്കുക എന്നിവ ഉൾപ്പെടെയുള്ള ഒരു കൂട്ടം പ്രതിരോധ പ്രവർത്തനങ്ങൾ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നു.
ലോകത്തെ വിവിധ രാജ്യങ്ങളിൽ പടരുന്ന പകർച്ചവ്യാധികൾക്കെതിരെ പോരാടാനുള്ള അന്താരാഷ്ട്ര സംഘടനകളുടെ ശ്രമങ്ങളെ പിന്തുണക്കുന്നതിനായി കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴി സൗദി നടത്തുന്ന ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.