സുഹൃത്തുക്കളോട് സംസാരിച്ചിരിക്കുന്നതിനിടെ കുഴഞ്ഞുവീണു; പൊന്നാനി സ്വദേശി യാംബുവിൽ മരിച്ചു

യാംബു: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് യാംബുവിൽ നിര്യാതനായി. പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) ആണ് ശനിയാഴ്ച രാത്രി മരിച്ചത്.

റിയാദിൽ നിന്നും യാംബുവിലെത്തിയ സുഹൃത്തുക്കളെ വീട്ടിൽ സ്വീകരിച്ച് അവരോട് സംസാരിക്കുന്നതിനിടയിൽ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കളും കെട്ടിട ഉടമസ്ഥനായ സ്വദേശിയും കൂടി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഫൈസൽ അൽ നഈമി ലിമിറ്റഡ് കമ്പനിയുടെ വെസ്റ്റേൻ റീജിയനൽ മാനേജറായിരുന്ന നിയാസ് 12 വർഷത്തോളമായി യാംബുവിലുണ്ടായിരുന്നു. ഭാര്യ റൈഹാനത്ത് യാംബു അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ ജീവനക്കാരിയാണ്.

ചെറുവളപ്പിൽ ആലി മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ് നിയാസ്. ഏക മകൻ റയ്യാൻ മുഹമ്മദ് അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ യു.കെ.ജി വിദ്യാർഥിയാണ്. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, നജീബ്, അബ്ദുന്നാസർ, സലിം, നവാസ്.

യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹവുമായി ബന്ധപ്പെട്ട്  നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും അൽമനാർ സ്‌കൂൾ അധികൃതരും സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. നിയാസിന്റെ പെട്ടെന്നുള്ള വേർപ്പാട് ബന്ധുക്കളെയും നാട്ടിലും ഗൾഫിലുമുള്ള സുഹൃത്തുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

Tags:    
News Summary - Malappuram native dies in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.