റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ല കമ്മിറ്റി

റിയാദ്: റിയാദിലെ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റിയെ മരവിപ്പിച്ചതായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി എടുത്ത തീരുമാനമുൾപ്പടെ അവർ ഏകപക്ഷീയമായി കൈക്കൊള്ളുന്ന ഒരു തീരുമാനങ്ങളും തങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. സംഘടനാ വിരുദ്ധവും കെ.എം.സി.സിയുടെ ഭരണഘടനാനുസൃതവുമല്ലാത്ത തീരുമാനങ്ങളാണ് സെൻട്രൽ കമ്മിറ്റി കൈകൊണ്ടിട്ടുള്ളത്.

കുറെ കാലങ്ങളായി റിയാദിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സെൻട്രൽ കമ്മിറ്റിയിലെ ഒരു വിഭാഗം ഭാരവാഹികളാണ്. വ്യവസ്ഥാപിതമായ രീതിയിൽ തെരഞ്ഞെടുത്ത പ്രവർത്തക സമിതിയോ കൗൺസിൽ യോഗങ്ങളോ വിളിച്ച് ചേർക്കാതെയാണ് പല സുപ്രധാന തീരുമാനങ്ങളും സെൻട്രൽ കമ്മിറ്റി കൈക്കൊള്ളുന്നത്.

തങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരെ അഭിപ്രായങ്ങൾ പറയുന്ന മിക്ക ജില്ല, മണ്ഡലം, ഏരിയ കമ്മിറ്റികൾക്കെതിരെയും സമാന രീതിയിലുള്ള തീരുമാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് പാലക്കാട് ജില്ല കമ്മിറ്റിയേയും മരവിപ്പിച്ചതായി പത്രവാർത്ത നൽകുകയും തുടർന്ന് അവിടെ സമാന്തര കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന മണ്ഡലം കമ്മിറ്റികൾക്കെതിരെ സമാന്തര പ്രവർത്തനങ്ങൾ തുടർക്കഥയാണ്. സൗദി നാഷനൽ കമ്മിറ്റി കൈക്കൊള്ളുന്ന തീരുമാനങ്ങളോ പദ്ധതികളോ നടപ്പിൽ വരുത്തുവാൻ സെൻട്രൽ കമ്മിറ്റി താൽപ്പര്യം കാണിക്കാറില്ലെന്നും അതിന് വിരുദ്ധമായ പ്രവർത്തനങ്ങളാണ് നടത്തിവരാറുള്ളതെന്നും ജില്ല ഭാരവാഹികൾ പറഞ്ഞു.

സൗദി നാഷനൽ കമ്മിറ്റിയുടെ അംഗത്വ കാമ്പയിൻ ഒന്നര വർഷം മുമ്പ് ആരംഭിക്കുകയും കോവിഡിന്‍റെ വ്യാപനം കാരണം സമയപരിധി നീട്ടിവെക്കുകയും ചെയ്തതാണ്. മൂന്ന് വർഷത്തേക്കാണ് കമ്മിറ്റികളുടെ കാലാവധി. മിക്ക കമ്മിറ്റികളും നിലവിൽ വന്നിട്ട് നാല് വർഷം പൂർത്തിയായിട്ടുണ്ട്. അംഗത്വ കാമ്പയിൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ നാഷനൽ കമ്മിറ്റിയുടെ നിർദേശങ്ങൾ നിരന്തരം സെൻട്രൽ കമ്മിറ്റികൾക്ക് നൽകിയതാണ്.

റിയാദ് സെൻട്രൽ കമ്മിറ്റി ഈ കാര്യങ്ങളിൽ വരുത്തിയ വീഴ്ച കാരണമാണ് നാഷനൽ കമ്മിറ്റി നേരിട്ട് മലപ്പുറം ജില്ല കമ്മിറ്റിക്ക് അംഗത്വ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയത്. അംഗത്വ അപേക്ഷകളിൽ അന്തിമ അനുമതി നാഷനൽ കമ്മിറ്റി നൽകിയതാണ് മലപ്പുറം ജില്ല കമ്മിറ്റിക്കെതിരെയുള്ള നീക്കത്തിന് കാരണമായത്.

കെ.എം.സി.സിയുടെ ഭരണഘടനാപ്രകാരം വ്യക്തികൾക്കെതിരെയോ ഘടകങ്ങൾക്കെതിരെയോ അച്ചടക്ക നടപടികൾ സ്വീകരിക്കാനുള്ള പൂർണ അവകാശം സംസ്‌ഥാന മുസ്‌ലിം ലീഗ് പ്രസിഡന്‍റിന്‍റെ മാത്രം പരിധിയിൽ പെട്ടതാണ്.

റിയാദ് സെൻട്രൽ കമ്മിറ്റി മലപ്പുറം ജില്ല കമ്മിറ്റിക്കെതിരെ കൈക്കൊണ്ട തീരുമാനം നാഷനൽ കമ്മിറ്റിയുടെ അറിവോടെയല്ലെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ്​ അഷ്റഫ് വേങ്ങാട്ട് ഉൾപ്പടെയുള്ള നാഷനൽ കമ്മിറ്റിയുടെ ഭാരവാഹികൾ പറഞ്ഞതായി മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ട്രഷറർ കുഞ്ഞിപ്പ തവനൂർ, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് എന്നിവർ അറിയിച്ചു.

Tags:    
News Summary - Malappuram district committee will not accept the decision of Riyadh KMCC central committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.