സൗദി മന്ത്രിസഭായോഗത്തിൽ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കുന്നു
പുണ്യസ്ഥലങ്ങൾക്ക് നേരെയുള്ള ഹൂതി ആക്രമണം അപലപനീയം: സൽമാൻ രാജാവ്
ജിദ്ദ: പുണ്യസ്ഥലങ്ങൾക്ക് നേരെയുള്ള ഹൂതികളുടെ തുടർച്ചയായ അധിക്ഷേപങ്ങളും ആക്രമണങ്ങളും ലോകമെമ്പാടുമുള്ള മുസ്‍ലിം ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് സൽമാൻ രാജാവ് പ്രസ്താവിച്ചു. ജിദ്ദയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ മക്കക്ക് നേരെ ഹൂതി ഭീകര സംഘടന വീണ്ടും നടത്തിയ ആക്രമണശ്രമത്തെ സൽമാൻ രാജാവ് ശക്തമായി അപലപിച്ചു.
പുണ്യസ്ഥലങ്ങളുടെ പവിത്രതയെ ഹനിക്കുന്ന ഇത്തരം ശ്രമങ്ങൾ ഹീനമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ വലിയ അന്താരാഷ്ട്ര പ്രതിഷേധവും അപലപനവും ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രതിരോധിക്കുന്നതിലും വിശുദ്ധ സ്ഥലങ്ങൾ, തീർഥാടകർ, പൗരന്മാർ, പ്രവാസികൾ എന്നിവർക്കെതിരെയുള്ള ഏത് ആക്രമണങ്ങളെയും ദൃഢതയോടെ പ്രതിരോധിക്കുന്നതിലും സൗദി സൈനിക-സുരക്ഷാ വിഭാഗങ്ങളും അതിലെ ധീരരായ ജവാന്മാരും വഹിക്കുന്ന പങ്കിനെ രാജാവ് പ്രത്യേകം അഭിനന്ദിച്ചു.
സൗദിക്ക് നൽകിയ വലിയ അനുഗ്രഹങ്ങൾക്ക് ദൈവത്തിന് നന്ദി രേഖപ്പെടുത്തിയ രാജാവ്, ഇരുഹറമുകളിലേക്കെത്തുന്ന ഹജ്ജ്-ഉംറ തീർത്ഥാടകരുടെയും സന്ദർശകരുടെയും സേവനം രാജ്യത്തിന് ലഭിച്ച പവിത്രമായ ചുമതലയാണെന്ന് ഓർമിപ്പിച്ചു. രാജ്യം ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ, സർവ്വതലസ്പർശിയായ വികസനത്തിലും മുന്നേറ്റത്തിലും നേതൃത്വപരമായ വളർച്ചയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
‘സീർ’ ഇലക്ട്രിക് വാഹനം: വ്യാവസായിക രംഗത്ത് തന്ത്രപ്രധാന ചുവടുവെപ്പ്
സൗദിയുടെ ആദ്യ ദേശീയ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ‘സീർ’ തങ്ങളുടെ ആദ്യ ഉൽപ്പന്നം പുറത്തിറക്കിയത് വിപുലവും സുസ്ഥിരവുമായ വ്യാവസായിക വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിലെ പുതിയൊരു തന്ത്രപരമായ ചുവടുവെപ്പാണെന്ന് മന്ത്രിസഭ വിലയിരുത്തി. സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്ന പ്രധാന ഘടകമെന്ന നിലയിൽ ഈ സംരംഭം കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുകയും, ദേശീയ പ്രതിഭകളെ പിന്തുണയ്ക്കുകയും, സ്വകാര്യ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യും.
ഇത് ‘സൗദി വിഷൻ 2030’-െൻറ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണെന്നും, വാഹന നിർമാണ മേഖലയിൽ രാജ്യത്തെ മുൻനിര പ്രാദേശിക-ആഗോള കേന്ദ്രമായി ഉയർത്താൻ സഹായിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
കൂടാതെ, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഈജിപ്ത് സന്ദർശനത്തിെൻറ ഫലങ്ങളും മന്ത്രിസഭ യോഗത്തിൽ വിലയിരുത്തി. ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസിസിയുമായി അദ്ദേഹം നടത്തിയ ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധത്തിെൻറ ദൃഢത വ്യക്തമാക്കുന്നതാണെന്നും മന്ത്രിസഭ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.