റമദാൻ ആദ്യ രാവിലെ മക്ക ഹറമിൽനിന്നുള്ള കാഴ്ച
മക്ക: റമദാനിൽ മക്ക ഹറമിലെത്തുന്ന തീർഥാടകരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കവും ഇരുഹറം പരിപാലന ജനൽ അതോറിറ്റി പൂർത്തിയാക്കി. റമദാനിലുണ്ടാകുന്ന വർധിച്ച തിരക്ക് കണക്കിലെടുത്ത് ഹറം കാര്യാലയത്തിന് കീഴിലെ എല്ലാ വകുപ്പുകൾക്കു കീഴിലും വിപുല തയാറെടുപ്പാണ് ഇത്തവണയും നടത്തിയത്. തീർഥാടകർക്ക് ആശ്വാസത്തോടും സമാധാനത്തോടും ആരാധനകൾ നിർവഹിക്കാനും ഹറമിൽ കഴിഞ്ഞുകൂടാനും ആവശ്യമായതെല്ലാം സജീകരിച്ചിട്ടുണ്ട്.
കൂടുതൽ ആളുകളെ സ്വീകരിക്കുന്നതിന് നിർമാണജോലികൾ പൂർത്തിയായ സ്ഥലങ്ങൾ നമസ്കാരത്തിന് തുറന്നുകൊടുക്കാനും ഇവിടങ്ങളിൽ ആവശ്യമായ സേവനങ്ങൾ ഒരുക്കുന്നതിനും ഇരുഹറം പരിപാലന അതോറിറ്റി മുൻകൂട്ടി തന്നെ ആവശ്യമായ നടപടികൾ ചെയ്തിട്ടുണ്ട്.
റമദാനിലുടനീളം ഇഫ്താറിന് ഏകദേശം 56 ലക്ഷം പാക്കറ്റ് ഭക്ഷണം നൽകും. കൂടാതെ 11,000ത്തിലധികം ജീവനക്കാർ, 1,20,300 ലൈറ്റിങ് യൂനിറ്റുകൾ, 33,000 നമസ്കാര വിരിപ്പുകൾ, 20,000 സംസം വാട്ടർ കണ്ടെയ്നറുകൾ, 10,000 ഉന്തുവണ്ടികൾ, 8,000 ഹെഡ്ഫോണുകൾ എന്നിവ സജീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് 519 ഇലക്ട്രിക് എക്സലേറ്ററുകളും 194 ലിഫ്റ്റുകളും 400 ഗോൾഫ് വണ്ടികളും ഒരുക്കിയിട്ടുണ്ട്. 236 നമസ്കാര സ്ഥലങ്ങളും 196 കവാടങ്ങളും 9,500 കുളിമുറികളും രണ്ട് ലഗേജ് സൂക്ഷിപ്പുകേന്ദ്രങ്ങളും കുട്ടികളെ പരിപാലിക്കാൻ രണ്ട് കേന്ദ്രങ്ങളും തയാറാക്കിയിട്ടുണ്ട്.
റമദാനിൽ ഉംറ കർമത്തിനുള്ള പ്രത്യേക പ്രതിഫലം പ്രതീക്ഷിച്ചെത്തുന്ന തീർഥാടക ലക്ഷങ്ങൾക്കൊപ്പം മക്കയിലെ സ്വദേശികളും വിദേശിതാമസക്കാരും ഹറമിലെ ഇഫ്താറിൽ പങ്കുചേരുന്നു. വിവിധ സർക്കാർ ഏജൻസികളുടെയും സന്നദ്ധസംഘങ്ങളുടെയും ചാരിറ്റി സംഘങ്ങളുടെയും സഹകരണത്തോടെയാണ് വിപുലമായ നോമ്പുതുറ സൗകര്യം ഒരുക്കുന്നത്. ലളിതമായ വിഭവങ്ങളാണ് ഹറമുകളിലെ ഇഫ്താറുകൾക്ക് വിതരണം ചെയ്യുക. ഈത്തപ്പഴവും സംസം വെള്ളവുമായിരിക്കും അവയിൽ പ്രധാനം. റമദാനിൽ പ്രതിദിനം 10 ലക്ഷത്തിലധികം പേർ ഹറമിലെത്തുമെന്നാണ് കണക്കാക്കുന്നത്. ലോകത്തിലെ നാനാദിക്കിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് ഇരു ഹറമുകളിലെ ഇഫ്താർ അപൂർവാനുഭവമാണ് സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.