ഹജ്ജ് തയ്യാറെടുപ്പുകൾ വിലയിരുത്താൻ മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ നേരിട്ടെത്തിയപ്പോൾ
മക്ക: ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമി ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, തയ്യാറെടുപ്പുകൾ വിലയിരുത്താൻ മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ നേരിട്ടെത്തി. വിവിധ കേന്ദ്രങ്ങളിലും മസ്ജിദുൽ ഹറാമിലും സന്ദർശനം നടത്തിയ അദ്ദേഹം സേവനങ്ങളുടെ ഗുണനിലവാരവും പ്രവർത്തന രീതികളും പരിശോധിച്ചു.
നവാരിയയിലെ ഹജ്ജ് സ്വീകരണ-മാർഗനിർദേശ കേന്ദ്രത്തിലാണ് ഡെപ്യൂട്ടി ഗവർണർ ആദ്യം സന്ദർശനം നടത്തിയത്. തീർഥാടകർക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തിയ അദ്ദേഹം, കേന്ദ്രത്തിലെ പ്രീ-അറേഞ്ച്മെൻറ് റൂമിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
തീർഥാടകർ എത്തുന്നതിന് മുമ്പായി താമസ സൗകര്യങ്ങൾ ഉറപ്പുവരുത്തുക, ബസുകളുടെ വരവ് രേഖപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ സേവനദാതാക്കളുമായി ഏകോപനം നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ, ബസ് ട്രാക്കിങ് സിസ്റ്റം നിരീക്ഷിക്കുന്നതിലൂടെ ഗതാഗത പ്രവാഹം സുഗമമാക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി.
കരമാർഗ്ഗം എത്തുന്ന തീർഥാടകർക്കായി സജ്ജീകരിച്ചിട്ടുള്ള സ്വീകരണ ഹാളിലെ സൗകര്യങ്ങളും അദ്ദേഹം പരിശോധിച്ചു. തീർഥാടകരെ അവരുടെ താമസസ്ഥലങ്ങളിലേക്ക് കൃത്യമായും വേഗത്തിലും എത്തിക്കുന്നതിനുള്ള സുഗമമായ സംഘടനാ സംവിധാനങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.
തുടർന്ന് മസ്ജിദുൽ ഹറാമിലെത്തിയ ഡെപ്യൂട്ടി ഗവർണർ, മതാഫിലെ തയ്യാറെടുപ്പുകളും ഹറമിലെ മൂന്നാമത്തെ സൗദി വിപുലീകരണ ഭാഗത്തെ പുരോഗതിയും വിലയിരുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ, തീർഥാടകരുടെ സുഗമമായ ചലനം ഉറപ്പാക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
തീർഥാടകർക്ക് പരമാവധി സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്ന രീതിയിലുള്ള പ്രവർത്തന പദ്ധതികളാണ് ഹറമിൽ നടപ്പിലാക്കി വരുന്നതെന്ന് അദ്ദേഹം വിലയിരുത്തി.
ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി വിപുലമായ സന്നദ്ധസേവന പദ്ധതികളുമായി സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയം. മന്ത്രാലയത്തിന് കീഴിൽ ഇത്തവണ 4,500 പുരുഷ-വനിതാ വളൻറിയർമാരെയാണ് വിവിധയിടങ്ങളിൽ വിന്യസിക്കുന്നത്. പുണ്യസ്ഥലങ്ങളിലും അനുബന്ധ കേന്ദ്രങ്ങളിലും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹജ്ജ് സീസണിലുടനീളം ആകെ 20,000 സന്നദ്ധപ്രവർത്തകരെ അണിനിരത്താനുള്ള വിപുലമായ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. വിമാനത്താവളങ്ങൾ, കപ്പൽ തുറമുഖങ്ങൾ, കര അതിർത്തി കവാടങ്ങൾ എന്നിവിടങ്ങളിൽ തീർഥാടകരെ സ്വീകരിക്കുന്നത് മുതൽ മടക്കയാത്ര വരെയുള്ള വിവിധ ഘട്ടങ്ങളിൽ വളൻറിയർമാരുടെ സജീവ സാന്നിധ്യമുണ്ടാകും. തീർഥാടകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക, സൈറ്റ് സേവനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ഫീൽഡ് പ്രവർത്തനങ്ങളിൽ മുനിസിപ്പൽ ടീമുകളെ സന്നദ്ധപ്രവർത്തകർ പിന്തുണക്കും. സമൂഹത്തിൽ സന്നദ്ധപ്രവർത്തന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, തീർഥാടകർക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ ഹജ്ജ് അനുഭവം പ്രദാനം ചെയ്യാൻ ഈ ജനകീയ പങ്കാളിത്തം വലിയ സഹായമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.