മദീന മസ്ജിദ് നബവിയിലെ റൗദ ശരീഫ്
(ഫയൽ ഫോട്ടോ)
മദീന: മദീന മസ്ജിദ് നബവിയിലെ റൗദ ശരീഫ് (പ്രാർഥനക്ക് പ്രത്യേക പ്രാധാന്യമുള്ള സ്ഥലം) സന്ദർശിക്കാൻ ഇനി വർഷത്തിൽ ഒരിക്കൽ മാത്രം അനുമതി. ഇതിനുള്ള പെർമിറ്റ് വർഷത്തിൽ ഒരിക്കൽ മാത്രമേ ബുക്ക് ചെയ്യാൻ അനുവദിക്കൂ എന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് ലഭിച്ച അന്വേഷണങ്ങൾക്ക് മറുപടിയായി ‘എക്സ്’ പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾക്ക് അവരുടെ അവസാന പെർമിറ്റ് കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരിക്കും അടുത്ത റൗദ സന്ദർശനത്തിനുള്ള അനുമതിക്ക് ബുക്കിങ് നടത്താനാകുകയെന്നും അധികൃതർ പറഞ്ഞു. റൗദ സന്ദർശിക്കാൻ ‘നുസ്ക്’ അല്ലെങ്കിൽ ‘തവക്കൽന’ എന്നീ ആപ്പുകളിലൂടെയാണ് പെർമിറ്റ് നേടേണ്ടത്. സ്വദേശികളും വിദേശികളുമായ എല്ലാവർക്കും ഇതു ബാധകമാണ്. ആപ് തുറന്ന് റൗദ സന്ദർശനം ആവശ്യപ്പെട്ട് ബുക്ക് ചെയ്യണം. എന്നാൽ, ഒരു വർഷ കാലാവധിക്കിടെ ഒരു തവണ മാത്രമേ ഇങ്ങനെ ബുക്ക് ചെയ്യാൻ കഴിയൂ. അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം. കോവിഡ് ബാധിതരോ കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരോ ആയ ആളുകൾക്ക് അനുമതി ലഭിക്കില്ലെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.