സൗദിയുടെ 'ഇഹ്​സാൻ ചാരിറ്റി'ക്ക് 10 ലക്ഷം റിയാൽ സംഭാവന നൽകി​ എം.എ. യൂസുഫ്​ അലി

റിയാദ്​: സൗദി ​അറേബ്യയുടെ ദേശീയ ജീവകാരുണ്യ പദ്ധതിയായ 'ഇഹ്​സാൻ' ചാരിറ്റിക്ക്​ 10 ലക്ഷം റിയാൽ (ഉദേശം രണ്ട്​ കോടി രൂപ) സംഭാവന ചെയ്ത്​ ലുലു ഗ്രൂപ്പ്​ ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫ്​ അലി. ജീവിതക്ലേശം അനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെയടക്കം ജനങ്ങൾക്ക്​ സഹായമെത്തിക്കാൻ സൗദി ഡാറ്റ ആൻഡ്​ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ അതോറിറ്റി വികസിപ്പിച്ച ഇഹ്​സാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം വഴിയാണ്​ സംഭാവന നൽകിയത്​. ഇക്കാര്യം ഇഹ്​സാൻ അധികൃതർ​ ഔദ്യോഗിക ട്വീറ്റർ ഹാൻഡിൽ വഴി വെളിപ്പെടുത്തി​. ഇത്തരമൊരു ജീവകാരുണ്യ സംരംഭ​വുമായി കൈകോർത്തതിൽ അധികൃതർ അദ്ദേഹത്തിന്​ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

റമദാനിൽ ആരംഭിച്ച ദേശീയ കാമ്പയിനിലൂടെ ഇതിനകം 200 കോടി റിയാൽ സമാഹരിച്ചുകഴിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. സൗദി ഭരണാധികാരി സൽമാൻ രാജാവ്​ മൂന്ന്​ കോടി റിയാലും കീരിടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ രണ്ട്​ കോടി റിയാലും സംഭാവന നൽകിയാണ്​ ദേശീയ കാമ്പയിൻ ഉദ്​ഘാടനം ചെയ്തത്​. സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരും അനാഥരും ആലംബഹീനരും രോഗികളും പ്രായാധിക്യമുള്ളവരും ആയിട്ടുള്ള 50 ലക്ഷം ആളുകൾക്ക്​​ ഈ കാമ്പയിനിലൂടെ ഇതുവരെ സഹായമെത്തിച്ചു.

ജീവകാരുണ്യ പ്രവർത്തനം വിപുലപ്പെടുത്താനുള്ള സൗദി കിരീടാവകാശിയുടെ പ്രത്യേക താൽപ്പര്യത്തിന്‍റെ ഭാഗമാണ്​ കാമ്പയിൻ. ജനകീയ പങ്കാളിത്തത്തോടെയുള്ള​ സാമൂഹിക വികസനമെന്നതാണ്​ ഊന്നൽ. സമൂഹത്തിലെ എല്ലാ തുറയിലുമുള്ള അർഹരായ ആളുകൾക്ക് സംഭാവനകൾ നൽകാൻ ഇഹ്​സാൻ പ്ലാറ്റ്​ഫോമിൽ സൗകര്യമുണ്ട്​ എന്നതാണ്​ പ്രത്യേകത. രാജ്യവാസികളായ ആളുകൾക്കാണ്​ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആയതിലേക്ക്​​ സംഭാവന നൽകാൻ ഇതിൽ സൗകര്യമുണ്ട്​.

നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ നൽകുക, പ്രായമായവർക്ക് പരിചരണം നൽകുക, രോഗികളെ സഹായിക്കുക, അനാഥർക്ക് വിദ്യാഭ്യാസവും മറ്റ്​ പഠന സൗകര്യങ്ങളും നൽകുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി സംഭാവന ചെയ്യുന്നത് 'ഇഹ്​സാൻ' പ്ലാറ്റ്​ഫോമിലൂടെ ഇപ്പോൾ ജനങ്ങൾക്ക്​ എളുപ്പമാണ്​. ഡിജിറ്റലായി സുരക്ഷിതമായ രീതിയിൽ തങ്ങളുടെ സംഭാവനകൾ നൽകാനും അതിന്‍റെ പ്രവർത്തന പുരോഗതി നിരീക്ഷിക്കാനും വിലയിരുത്താനും ഇതിലൂടെ കഴിയും.

Tags:    
News Summary - M A Yusuff Ali donates 10 lakh riyals to Saudi 'Ihsan Charity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.