ജിദ്ദ: ഹജ്ജ് കർമത്തിനും ഉംറ നിർവഹിക്കാനും പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമെത്തുന്ന 25 ലക്ഷം ഇന്തോനേഷ്യൻ തീർത്ഥാടകർക്ക് മികച്ച സേവനവും പരിചരണവും നൽകുന്നതിനായി ഉയർന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങളും അവശ്യവസ്തുക്കളും ഉറപ്പാക്കി ലുലു റീട്ടെയ്ൽ. മക്ക മദീനയിലും ഇതിനായി 140 ലേറെ സ്പെഷ്യൽ കമീഷ്ണറികൾ ലുലു തുറക്കും. 2025ൽ ഹജ്ജ് നിർവഹിക്കാനെത്തുന്ന ഇന്തോനേഷ്യൻ തീർത്ഥാടകർക്ക് ഇന്തോനേഷ്യയിൽനിന്ന് ഉൾപ്പടെയുള്ള ഗ്രോസറി, ഭക്ഷ്യോത്പന്നങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരം ലുലു ലഭ്യമാക്കും. ഇതിനായി ഇന്തോനേഷ്യൻ ഹജ്ജ് ബോർഡുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു.
ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ വി.ഐ. സലിമിെൻറ സാന്നിദ്ധ്യത്തിൽ ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, ഇന്തോനേഷ്യൻ ഹജ്ജ് ഫണ്ട് മാനേജ്‌മെൻറ് ഏജൻസിയുടെ എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായ ഹാരി അലക്‌സാണ്ടർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ലുലു ഹൈപ്പർമാർക്കറ്റ് വെസ്റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ റഫീക് മുഹമ്മദ് അലി, ഇന്തോനേഷ്യൻ ട്രേഡ് കൗൺസിൽ ജിദ്ദ ഡയറക്ടർ ബാഗാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തീർത്ഥാടകർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രയിൽ തന്നെ മികച്ച സേവനം ലുലുവിന് നൽകാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ വി.ഐ. സലിം പറഞ്ഞു. ഇന്തോനേഷ്യൻ ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനവും പരിചരണവും ഉറപ്പാക്കുമെന്നും തീർത്ഥാടകർക്ക് ഈ സേവനം കൂടുതൽ സൗകര്യമേകുമെന്നും വി.ഐ. സലിം കൂട്ടിചേർത്തു.
റീട്ടെയ്ൽ രംഗത്തെ ആഗോള ബ്രാൻഡായ ലുലുവിെൻറ സേവനം ഇന്തോനേഷ്യയിൽനിന്നുള്ള തീർത്ഥാടകർക്ക് ലഭ്യമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ലുലുവിെൻറ ചുവടുവയ്പ്പ് മാതൃകാപരമെന്നും ഇന്തോനേഷ്യൻ ഹജ്ജ് ബോർഡ് പ്രതിനിധി ഹാരി അലക്‌സാണ്ടർ അഭിപ്രായപ്പെട്ടു. ഹജ്ജ് ഉംറ കർമങ്ങൾക്കായി സൗദി അറേബ്യയിലേക്ക് ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ.
പ്രതിവർഷം 25 ലക്ഷം തീർത്ഥാടകരിലേറെയാണ് ഇന്തോനേഷ്യയിൽനിന്ന് മക്കയിലും മദീനയിലും എത്തുന്നത്. തീർത്ഥാടകർക്ക് ആവശ്യമായ അവശ്യവസ്തുക്കൾ മികച്ച നിലവാരത്തിലും ഗുണമേന്മയിലും ഉറപ്പുവരുത്തുകയാണ് ലുലു റീട്ടെയ്ൽ ഗ്രൂപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.