ലുലു ഹൈപർമാർക്കറ്റ്​ ഡയറക്ടർ ഷെഹിം മുഹമ്മദും എസ്​.പി.എൽ സെയിൽസ്​ ആൻഡ്​ കൊമേഴ്സ്യൽ വൈസ് പ്രസിഡന്‍റ്​ എൻജി. റയാൻ അൽഷെരീഫും കരാറിൽ ഒപ്പുവച്ചപ്പോൾ

പാഴ്​സൽ സേവനങ്ങൾക്കായി കൈകോർത്ത്​ ലുലുവും സൗദി പോസ്റ്റും

റിയാദ്​: ഉപഭോക്താക്കൾക്ക്​ സൗകര്യപ്രദമായി തങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള പാഴ്​സലുകൾ അയക്കാനും മറ്റ്​ തപാൽ ആവശ്യങ്ങൾ എളുപ്പത്തിൽ നടത്താനും ലുലു ഹൈപർമാർക്കറ്റ് ശൃംഖല സൗദി പോസ്റ്റുമായി കൈകോർത്ത്​ മികച്ച സംവിധാനം ഒരുക്കുന്നു. ഇതിനായി ലുലുവും സൗദി പോസ്റ്റും (എസ്.പി.എൽ) തമ്മിൽ കരാർ ഒപ്പുവെച്ചു. ലുലു ഹൈപർമാർക്കറ്റ്​ ഉപഭോക്താക്കൾക്ക്​ റമദാനിൽ ഹൈപർമാർക്കറ്റ്​ പരിസരത്ത് സൗദി തപാൽ സേവന സൗകര്യം ലഭിക്കും.

ഇതുവഴി ഉപഭോക്താക്കൾക്ക്​ പുണ്യമാസത്തിന്‍റെ സാരാംശം പ്രചരിപ്പിക്കുന്നതിനായി തങ്ങളാഗ്രഹിക്കുന്നവർക്ക്​ കരുതൽ പൊതികൾ (സമ്മാന പാഴ്​സലുകൾ) മറ്റും അയക്കാൻ കഴിയും. സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റ്​ ഡയറക്ടർ ഷെഹിം മുഹമ്മദും എസ്​.പി.എൽ സെയിൽസ്​ ആൻഡ്​ കൊമേഴ്സ്യൽ വൈസ് പ്രസിഡന്‍റ്​ എൻജി. റയാൻ അൽഷെരീഫും കരാറിൽ ഒപ്പുവച്ചു. ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൗദി പോസ്റ്റും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്​ കരാർ.

റിയാദ്, ജിദ്ദ, ദമ്മാം എന്നീ മൂന്ന് മേഖലകളിലെ ലുലു ഹൈപർമാർക്കറ്റുകളിലാണ്​ തുടക്കത്തിൽ ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്​. ഭാവിയിൽ വിവിധ സ്ഥാപനങ്ങളും ശൃംഖലകളും വഴി കൂടുതൽ മേഖലകളിലേക്ക്​ ഈ സേവനം വ്യാപിപ്പിക്കും. ഇത് ഇ-ഗവണ്മെന്‍റ്​ പ്രോഗ്രാമുകൾക്കും ഇ-കൊമേഴ്സിനും സൗകര്യമൊരുക്കും. ലുലു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്നുള്ള​ എക്സ്​പ്രസ്​, ഇന്‍റർനാഷനൽ, ഗ്രോസറി ഡെലിവറികളിലും സൗദി പോസ്റ്റിന്‍റെ സഹകരണമുണ്ടാകും.

സൗദി പോസ്റ്റ്​ ഉപഭോക്താക്കൾക്ക്​ അവരുടെ പാഴ്​സലുകൾ ശേഖരിക്കുന്നതിനായി ലുലു ഹൈപർമാർക്കറ്റിന്‍റെ തിരഞ്ഞെടുത്ത ശാഖകളിൽ പാഴ്സൽ സ്റ്റേഷനുകൾ ഒരുക്കും. ഇരു കമ്പനികൾക്കും ഒരുമിച്ച് വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നതിനും ഭാവിയിലേക്ക്​ നിരവധി വഴികൾ തുറക്കുന്നതുമായ ഒരു മികച്ച സഹകരണമാണിതെന്ന് ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.

Tags:    
News Summary - Lulu and Saudi Post join hands for parcel services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.