സ്വർണക്കടത്തിൽ പൊലിയുന്ന ജീവിതങ്ങൾ

അടുത്തകാലത്തായി കേരളത്തിലെത്തുന്ന പ്രവാസികളെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുകയാണ്. ഇതിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങളാണ് എന്നത് പരസ്യമായ രഹസ്യവുമാണ്. എന്നാൽ, ഫലപ്രദമായി ഇതിന് അറുതിവരുത്താൻ അധികാരികൾക്ക് കഴിയുന്നില്ല എന്നതാണ് ഏറ്റവും അവസാനം ഇർഷാദിന്റെ കൊലപാതകവും വിരൽചൂണ്ടുന്നത്. ഇന്ത്യയിലും ഗൾഫിലും വേരുകളുള്ള വലിയൊരു മാഫിയയാണ് ഇതിനുപിന്നിൽ. അതുകൊണ്ടുതന്നെ അധികാരികൾ ആത്മാർഥമായി ശ്രമിച്ചാലേ ഇതിനൊരു അവസാനമുണ്ടാകൂ.

സാധാരണക്കാരായ പ്രവാസികളാണ് അധികവും ഇതിൽ ഇരയാകുന്നത്. സ്വർണം കടത്താൻ സമ്മതം മൂളുമ്പോൾ അവർക്ക് ലഭിക്കുന്ന പ്രതിഫലം കേവലം നാട്ടിലേക്കുള്ള ടിക്കറ്റോ അല്ലെങ്കിൽ, അരലക്ഷത്തിൽ താഴെയുള്ള ഒരു സംഖ്യയോ ആയിരിക്കും. ഇതിനുപകരമായി ചിലപ്പോൾ സ്വന്തം ജീവൻതന്നെ ബലി കൊടുക്കേണ്ടിവരുമെന്ന കാര്യം ചെറിയ ലാഭം കാണുമ്പോൾ വിസ്മരിക്കുന്നു എന്നതാണ് സത്യം.

പ്രവാസി രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾക്ക് ഇക്കാര്യത്തിൽ പലതും ചെയ്യാൻ കഴിയും. നിരന്തരമായ പ്രചാരണങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുകൊണ്ട് ഇനിയൊരു പ്രവാസി കുടുംബവും കണ്ണീര് കുടിക്കരുതെന്ന ദൗത്യം ഏറ്റെടുക്കാൻ അവർ മുന്നോട്ടുവരണം.

നാട്ടിൽ പൊതുജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനുമേൽ ഭീഷണിയായ നിലയിൽ ഈ മാഫിയയുടെ വളർച്ച പേടിപ്പെടുത്തുന്നതാണ്.

തൊഴിൽരഹിതരായ യുവാക്കളെ വിസിറ്റ് വിസയിൽ ടിക്കറ്റെടുത്ത് കൊണ്ടുവന്ന് സ്വർണക്കടത്തിനുപയോഗിക്കുന്നുണ്ട്. സ്വർണം നാട്ടിലെത്തുമ്പോൾ അത് ഏറ്റുവാങ്ങാൻ വരുന്നവരുടെയും തട്ടിയെടുക്കാൻ വരുന്നവരുടെയും സംഘങ്ങൾ കേരളത്തിലെ എയർപോർട്ട് പരിസരങ്ങളിലെ പേടിപ്പെടുത്തുന്ന കാഴ്ചയാണ്. ഇതുപോലെയുള്ള അധോലോകസംഘങ്ങളെ ഊട്ടിവളർത്തുന്നതിൽ രാഷ്ട്രീയ അധികാരിവർഗങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. അതുകൊണ്ടുതന്നെ ഇനിയുമിതിനെതിരെ കണ്ണടച്ചാൽ മാഫിയകളുടെ സ്വന്തം നാടായി കേരളം മാറും.

Tags:    
News Summary - Lives ruined by gold debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.