ശാസ്ത്രജ്ഞനും ലോകസഞ്ചാരിയുമായ ഡോ. സിംഗാര വടിവേൽ ജുബൈലിൽ എത്തിയപ്പോൾ, സമീപം ജുബൈലിലെ പ്രവാസികൾ
ജുബൈൽ: സിലിക്കൺ വാലിയിലെ അതിസമ്പന്നമായ കോർപ്പറേറ്റ് ജീവിതം വിട്ട് ആത്മീയതയുടെയും ലോകപഠനത്തിന്റെയും പാതയിലൂടെ മോട്ടോർ സൈക്കിളിൽ ലോകം ചുറ്റുന്ന ഡോ. സിംഗാര വടിവേൽ സൗദി അറേബ്യയിലെ ജുബൈലിലെത്തി. ബി.എം.ഡബ്ല്യു ആർ 1250 ജി.എസ്.എ ബൈക്കിൽ യാത്ര തുടരുന്ന ഈ അമ്പത്തിയെട്ടുകാരൻ, ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, മനുഷ്യസ്‌നേഹി എന്നീ നിലകളിൽ ഇതിനകം ശ്രദ്ധേയനാണ്.
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള തൊണ്ടി എന്ന ഗ്രാമത്തിൽ നിരക്ഷരരായ കർഷകത്തൊഴിലാളികളുടെ ആറുമക്കളിൽ മൂത്തവനായാണ് വടിവേൽ ജനിച്ചത്. ഹൈസ്കൂൾ പഠനത്തിനായി ദിവസവും 12 കിലോമീറ്റർ നഗ്നപാദനായി നടന്നിരുന്ന അദ്ദേഹം, ദാരിദ്ര്യത്തോടു പടവെട്ടിയാണ് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയത്. സിവിൽ എൻജിനീയറിങ് ഡിപ്ലോമയിൽ സംസ്ഥാനത്ത് മൂന്നാം റാങ്കും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ യൂനിവേഴ്സിറ്റി റാങ്കും നേടിയ അദ്ദേഹം 1989-ലാണ് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് തിരിച്ചത്.
തുടർന്ന് 35 വർഷത്തോളം മൈക്രോസോഫ്റ്റ്, ബെൽ ലാബ്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ശാസ്ത്രജ്ഞനായും എക്സിക്യൂട്ടീവായും സേവനമനുഷ്ഠിച്ചു. ‘സദാറ’ പ്രോജക്റ്റുമായി ബന്ധപ്പെട്ട് മുൻപ് സൗദിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജീവിതം യാന്ത്രികമായപ്പോൾ, അമ്പതാം വയസ്സിൽ ബൈക്ക് ഓടിക്കാൻ പഠിച്ച വടിവേൽ അമ്പത്താറാം വയസ്സിലാണ് ലോകസഞ്ചാരത്തിന് തുടക്കമിട്ടത്. അമേരിക്കയിലെ ടെക്സാസിൽ നിന്നാരംഭിച്ച ഈ യാത്ര വെറുമൊരു സാഹസികതയല്ല, മറിച്ച് അഹംഭാവം വെടിഞ്ഞ് മനുഷ്യരെ തിരിച്ചറിയാനുള്ള തീർത്ഥാടനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
25 മാസങ്ങൾക്കിടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 37 രാജ്യങ്ങളടക്കം ആകെ 63 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു കഴിഞ്ഞു. മലേറിയ, ഭക്ഷ്യവിഷബാധ, അപകടങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികളെ യാത്രയ്ക്കിടെ നേരിട്ടു. അർജൻറീനയിലെ അപകടസമയത്ത് പ്രതിഫലം വാങ്ങാതെ തന്നെ സഹായിച്ച പ്രാദേശിക മെക്കാനിക്, മനുഷ്യസ്നേഹത്തിെൻറ വലിയ പാഠമാണ് തനിക്ക് നൽകിയതെന്ന് അദ്ദേഹം അനുസ്മരിച്ചു.
യാത്രക്കിടയിലും തെൻറ അറിവ് പങ്കുവെക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നു. ഇതിനോടകം 29 സർവകലാശാലകളിൽ പ്രഭാഷണം നടത്തിയ അദ്ദേഹം ആഫ്രിക്കൻ രാജ്യങ്ങളിലെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളിലും സ്ത്രീ ശാക്തീകരണത്തിലും സജീവമാണ്. സമ്പാദ്യത്തിെൻറ വലിയൊരു ഭാഗം പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ച അദ്ദേഹം, 28 കുട്ടികളെ ദത്തെടുത്ത് സംരക്ഷിക്കുന്നുമുണ്ട്.
അമേരിക്കയിൽ ന്യൂറോളജിസ്റ്റായ ഭാര്യ ഡോ. കാർത്തിയാണ് ഇദ്ദേഹത്തിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നത്. ദമ്മാമും ബഹ്‌റൈനും സന്ദർശിച്ച ശേഷമാണ് അദ്ദേഹം ജുബൈലിലെത്തിയത്. ജുബൈലിൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഭയരഹിതമായി ഒത്തൊരുമയോടെ കഴിയുന്ന സൗദി അറേബ്യയിലെ കാഴ്ച തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജുബൈലിൽ നിന്ന് ഖഫ്ജി വഴി കുവൈത്തിലേക്കാണ് അദ്ദേഹത്തിെൻറ അടുത്ത യാത്ര. ജീവിതത്തെയും ലോകത്തെയും ആഴത്തിൽ അറിഞ്ഞുകൊണ്ട് ഡോ. സിംഗാര വടിവേലിെൻറ മോട്ടോർ സൈക്കിൾ പര്യടനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.