യാംബു: സൗദിയിൽ അടിയന്തിര ആവശ്യങ്ങൾക്കായി ഏകീകരിച്ച 911 എന്ന നമ്പറിലേക്ക് കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം 27 ലക്ഷത്തിലധികം കാളുകൾ എത്തിയതായി നാഷനൽ സെൻറർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് അതോറിറ്റി അറിയിച്ചു. കൃത്യമായി 2,733,359 കാളുകളാണ് ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ വിവിധ മേഖലകളിൽനിന്ന് ലഭിച്ച കാളുകളിൽ റിയാദ് മേഖലയിൽനിന്നാണ് ഏറ്റവും കൂടുതൽ വിളിയെത്തിയത്.
റിയാദ് മേഖലയിൽനിന്ന് മാത്രം 1,129,908 കാളുകൾ ലഭിച്ചപ്പോൾ 847,929 കാളുകളുമായി മക്ക മേഖലയാണ് തൊട്ടുപിന്നിൽ. കിഴക്കൻ പ്രവിശ്യയിൽനിന്ന് 514,984 കാളുകളും മദീന മേഖലയിൽനിന്ന് 240,538 കാളുകളും കഴിഞ്ഞ മാസം ലഭിച്ചു. ഏകീകൃത സുരക്ഷാ പ്രവർത്തനകേന്ദ്രങ്ങൾ ഈ അടിയന്തര റിപ്പോർട്ടുകൾ സ്വീകരിക്കുകയും അവ ബന്ധപ്പെട്ട സുരക്ഷാ, സേവന അധികാരികൾക്ക് ഉടനെ കൈമാറുകയും ചെയ്തിട്ടുണ്ട്.
സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിൽ പ്രവർത്തിക്കുന്ന 911 ടോൾ ഫ്രീ നമ്പർ വഴി മെഡിക്കൽ സേവനങ്ങൾ, അഗ്നിബാധ, വിവിധ അപകടങ്ങൾ, ആംബുലൻസ് സേവനം തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിലാണ് പൊതുജനങ്ങൾ മുഖ്യമായും ബന്ധപ്പെടുന്നത്. അടിയന്തിര ഘട്ടങ്ങളിൽ കാളുകൾ സ്വീകരിച്ച് ആവശ്യമായ പ്രാഥമിക നിർദേശങ്ങൾ നൽകുന്നതിനൊപ്പം, അത്യാധുനികമായ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ വഴി അതിവേഗ സേവനവും ബന്ധപ്പെട്ടവർ ഉറപ്പാക്കുന്നുണ്ട്. വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിവുള്ള ബഹുഭാഷാ ജീവനക്കാരുടെയും പ്രത്യേകം പരിശീലനം ലഭിച്ച വിദഗ്ധരുടെയും സേവനം 24 മണിക്കൂറും 911 നമ്പറിൽനിന്ന് രാജ്യത്തെ എല്ലാ താമസക്കാർക്കും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.