കടുത്ത വേനലിലും മധുര വസന്തമൊരുക്കി അൽ ഖസീം; മുന്തിരി വിളവെടുപ്പ് കാലത്തിന് തുടക്കം

ബുറൈദ: കനത്ത വേനൽച്ചൂടിലും സമൃദ്ധിയുടെ മധുര വസന്തം തീർക്കുകയാണ് സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യ. റിയാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അസഹനീയമായ ചൂടിൽ വെന്തുരുകുമ്പോൾ, ഖസീമിലെ മണലാരണ്യത്തിൽ പച്ചപ്പട്ടണിഞ്ഞ മുന്തിരിവള്ളികളിൽ വൈവിധ്യമാർന്ന മുന്തിരിക്കുലകൾ വിളഞ്ഞുനിൽക്കുന്നത് കൗതുകകരവും നയനാനന്ദകരവുമായ കാർഷിക അത്ഭുതക്കാഴ്ചയായി മാറുകയാണ്.

 

നിലവിൽ പ്രവിശ്യയിൽ മുന്തിരി വിളവെടുപ്പ് സീസണാണ്. ഐൻ ഉൽ ജുവ, ഉനൈസ, അൽ ബദായ, സാജ്ർ തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങളിലാണ് പ്രധാനമായും മുന്തിരി കൃഷി നടക്കുന്നത്. ചുവപ്പ്, പച്ച, കറുപ്പ് നിറങ്ങളിലുള്ള വിത്തുള്ളതും വിത്തില്ലാത്തതുമായ വിവിധയിനം മുന്തിരികൾ ഇവിടെ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നു.

പ്രാദേശികമായി വിളവെടുക്കുന്നതിനാൽ ഒട്ടും പുതുമ നഷ്ടപ്പെടാതെ സൗദിയുടെ വിവിധ വിപണികളിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും എത്തിക്കാൻ സാധിക്കുന്നു എന്നതാണ് ഖസീം മുന്തിരികളുടെ പ്രധാന സവിശേഷത. സൗദി ഭരണകൂടത്തിെൻറയും പരിസ്ഥിതി-കാർഷിക-ജല മന്ത്രാലയത്തിെൻറയും നിർലോഭമായ പിന്തുണയാണ് പ്രവിശ്യയിലെ ഈ ചരിത്രപരമായ കാർഷിക മുന്നേറ്റത്തിന് പിന്നിൽ.

വിളവെടുപ്പ് കാലത്തിെൻറ വരവറിയിച്ച് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ‘മുന്തിരി ഫെസ്റ്റിവൽ’ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികളെയാണ് ആകർഷിക്കുന്നത്. അൽ ഖസീമിെൻറ കാർഷിക പെരുമയ്ക്ക് ആഗോളതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുന്നതിൽ ഈ മേള വലിയ പങ്കുവഹിക്കുന്നു.

 

കാർഷിക മേഖലയെയും പ്രാദേശിക ടൂറിസത്തെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കർഷകർക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ ഉൽപ്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുള്ള അവസരവും ഫെസ്റ്റിവൽ ഒരുക്കുന്നുണ്ട്. 25-ലധികം വ്യത്യസ്ത മുന്തിരി ഇനങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്നത്.

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി പ്രവിശ്യയിലെ മിക്ക മുന്തിരിത്തോട്ടങ്ങളിലും നിശ്ചിത ഫീസ് ഈടാക്കി സന്ദർശകർക്ക് പ്രവേശനം നൽകുന്നുണ്ട്. വേനലവധിക്കാലമായതിനാൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ ദിനേന ഇവിടെ സന്ദർശനത്തിനായി എത്തുന്നു. തോട്ടങ്ങളിലൂടെ നടക്കാനും മുന്തിരിവള്ളികളിൽനിന്ന് നേരിട്ട് പഴങ്ങൾ പറിച്ച് രുചിക്കാനും സന്ദർശകർക്ക് ഇവിടെ സൗകര്യമുണ്ട്.

കൂടാതെ, ഫ്രഷ് മുന്തിരി ജ്യൂസ് ഉൾപ്പെടെയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായി തോട്ടങ്ങൾക്ക് സമീപം പ്രത്യേക പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്. മുന്തിരിത്തോട്ടങ്ങളുടെ മനോഹരമായ കാഴ്ചകൾ കണ്ടസ്വദിക്കുന്നതിനൊപ്പം പുതുമയാർന്ന മുന്തിരി പഴങ്ങളും വാങ്ങി ഏറെ സന്തോഷത്തോടെയാണ് സന്ദർശകർ മടങ്ങുന്നത്.

Tags:    
News Summary - Al Qassim, grape harvest,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.