മ​ക്ക​ വേ​ദി​യാ​യ സം​യു​ക്ത പ്ര​തി​രോ​ധ ഉ​ച്ച​കോ​ടി​യു​ടെ സ​മാ​പ​ന സെ​ഷ​നി​ൽ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ

മക്ക സംയുക്ത പ്രതിരോധ കരാറിന് ആഗോള പിന്തുണ; വരുംതലമുറകൾക്കുള്ള സമാധാന കവചം

മക്ക: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ്, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ എന്നിവർ ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ മക്ക സംയുക്ത പ്രതിരോധ കരാറിന് അന്താരാഷ്ട്രതലത്തിലും അറബ് ലോകത്തും ശക്തമായ പിന്തുണ. സൽമാൻ രാജാവിെൻറ പ്രത്യേക ക്ഷണപ്രകാരം മക്കയിൽ ചേർന്ന ഉച്ചകോടിയെയും തുടർന്ന് രൂപവത്കരിച്ച സംയുക്ത പ്രതിരോധ കരാറിനെയും മുസ്‌ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു.

സഹോദര്യത്തിലും ഇസ്‌ലാമിക ഐക്യദാർഢ്യത്തിലും അധിഷ്ഠിതമായ ഈ കരാർ മേഖലയിലെയും ആഗോളതലത്തിലെയും സമാധാനത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വലിയ കരുത്തേകുമെന്ന് സെക്രട്ടറി ജനറലും മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷനുമായ ശൈഖ് ഡോ. മുഹമ്മദ് അൽ ഈസ പ്രസ്താവിച്ചു.

കരാറിനെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ച പാകിസ്താൻ പ്രസിഡൻറ് ആസിഫ് അലി സർദാരി, മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സുരക്ഷിതവും സമൃദ്ധവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും ഇത് സഹായിക്കുമെന്ന് വ്യക്തമാക്കി. കരാർ യാഥാർത്ഥ്യമാക്കാൻ പ്രഫഷണൽ മികവോടെ നേതൃത്വം നൽകിയ പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫിനെയും ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനീറിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ കരാറിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് അറിയിച്ചു. ഇസ്‌ലാമിക വിശ്വാസത്തിലും ശക്തമായ സാഹോദര്യ ബന്ധത്തിലും അധിഷ്ഠിതമായ മൂന്ന് രാജ്യങ്ങളുടെ ഐക്യദാർഢ്യമാണ് ഈ ഉടമ്പടിയെന്നും, വരുംതലമുറകൾക്ക് ഇതൊരു സമാധാന കവചമായി നിലകൊള്ളുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിരോധ-തന്ത്രപ്രധാന മേഖലകളിൽ മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ ഈ കരാർ സഹായിക്കുമെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ പ്രതികരിച്ചു.

മക്ക പ്രതിരോധ കരാറിനെ പൂർണമായി പിന്തുണയ്ക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് രാജ്യങ്ങളുടെയും സൈനിക ശേഷിയും അനുഭവസമ്പത്തും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ സംവിധാനത്തിന് ഈ കരാർ മികച്ചൊരു കൂട്ടിച്ചേർക്കലാണെന്നും, സൗദി അറേബ്യയുടെ സുരക്ഷ ബഹ്‌റൈെൻറ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം എടുത്തു പറഞ്ഞു.

ഉടമ്പടിയെ സ്വാഗതം ചെയ്ത ഫലസ്തീൻ ഭരണകൂടം, ഇസ്‌ലാമിക ലോകത്തെ രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ ഇത് വലിയ മുന്നേറ്റമാകുമെന്ന് അഭിപ്രായപ്പെട്ടു. അറബ്-ഇസ്‌ലാമിക കൂട്ടായ സുരക്ഷാ സംവിധാനത്തിന് ഈ കരാർ കരുത്തുപകരുമെന്നും, ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്ക് ഇത് സഹായകമാകുമെന്നും ഫലസ്തീൻ നേതൃത്വം വ്യക്തമാക്കി.

Tags:    
News Summary - Mecca Joint Defense Agreement, Global Support, Future Generations, Shield of Peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.