പ്രവാസി കുടുംബങ്ങളെ സഹായിക്കാൻ സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി ആരംഭിച്ച ‘സ്‌നേഹ സാന്ത്വനം’ പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിക്കുന്നു
റിയാദ്: സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി, കെ.എം.സി.സി കേരള ട്രസ്റ്റുമായി സഹകരിച്ച് നടപ്പാക്കുന്ന 'സ്‌നേഹ സാന്ത്വനം' പദ്ധതിക്ക് തുടക്കം.
കോവിഡ് മഹാമാരി കാരണം നാട്ടിൽനിന്ന് സൗദിയിലേക്ക് തിരിച്ചുപോക്ക് പ്രതിസന്ധിയിലായ പ്രവാസികളിൽ സൗദി കെ.എം.സി.സി സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായവരുടെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വീടുകളിൽ എത്തിച്ചു നല്‍കുന്നതാണ് സ്‌നേഹ സാന്ത്വനം പദ്ധതി. 3500ഓളം കുടുംബങ്ങളെ ഉള്‍പ്പെടുത്തിയതാണ് പദ്ധതി. മലപ്പുറം ജില്ലയിലെ കാവന്നൂരിൽ നടന്ന ചടങ്ങിൽ സാദിഖലി തങ്ങള്‍ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമുള്ള പ്രവര്‍ത്തകരുടെ വീടുകളിലേക്ക് സമ്മാനവുമായി പോകുന്ന വാഹനത്തിെൻറ ഫ്ലാഗ് ഓഫ് കര്‍മവും അദ്ദേഹം നിര്‍വഹിച്ചു.
നാടിെൻറ ഉന്നമനത്തിനും നാട്ടുകാരുടെ ക്ഷേമത്തിനും അകമഴിഞ്ഞു സഹായിക്കുന്ന പ്രവാസികള്‍ കോവിഡ് കാരണം വലിയ പ്രതിസന്ധിയില്‍ കഴിയുന്ന കാലത്ത് അവരെ സഹായിക്കേണ്ട ഉത്തരവാദിത്തം ആരും ഓര്‍ക്കുന്നില്ലെന്നും പ്രവാസികള്‍ക്ക് സഹായമെത്തിക്കുന്ന സൗദി കെ.എം.സി.സിയുടെ സ്‌നേഹ സാന്ത്വനം പദ്ധതി മികച്ച മാതൃകയാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പ്രവാസികള്‍ എന്നും മറ്റുള്ളവരെ സഹായിക്കേണ്ടവരാണെന്നാണ് പൊതുസമൂഹത്തിെൻറ കാഴ്ചപ്പാട്. മടങ്ങിപ്പോകാന്‍ കഴിയാതെ നാട്ടില്‍ പ്രയാസത്തിൽ കഴിയുന്ന പ്രവാസികളെ കാണാതെ പോവുകയാണ്. ഈ സാഹചര്യത്തിലാണ് സൗദി കെ.എം.സി.സിയുടെ സ്‌നേഹ സാന്ത്വനം പ്രസക്തമാകുന്നത്. ചടങ്ങില്‍ സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
പി.കെ. ബഷീര്‍ എം.എല്‍.എ, എ.പി. ഇബ്രാഹീം മുഹമ്മദ്, ഉസ്മാൻ കാവനൂർ, ഹനീഫ മൂന്നിയൂര്‍, ടി.എച്ച്. കുഞ്ഞാലി ഹാജി തുടങ്ങിയവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള സ്വാഗതവും ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ നന്ദിയും പറഞ്ഞു. സമദ് പട്ടനിൽ, റഫീഖ് പാറക്കൽ, ജലീൽ കാവനൂർ, ജൗഹർ കുനിയിൽ എന്നിവർ കാവനൂരിലെ വിതരണ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.