റിയാദ്: സൗദി അറേബ്യയിലെ കര, വ്യോമ, കടൽ അതിർത്തി പോയിൻറുകൾ വഴി നടത്താൻ ശ്രമിച്ച 1,039 കള്ളക്കടത്തുകൾ കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ തടഞ്ഞതായി സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സത്ക) അറിയിച്ചു. രാജ്യത്തിെൻറ സുരക്ഷ ഉറപ്പാക്കാനും എല്ലാത്തരം നിരോധിത വസ്തുക്കളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനും അതോറിറ്റി തുടർച്ചയായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.
പരിശോധനയിൽ ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, ഷാബു, കപ്റ്റഗൺ ഗുളികകൾ തുടങ്ങിയവ ഉൾപ്പെടുന്ന 190 തരം മയക്കുമരുന്നുകളും, നിയമവിരുദ്ധമായ 375 മറ്റ് നിരോധിത വസ്തുക്കളും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതിനുപുറമേ പുകയിലയും അതിെൻറ വിവിധ ഉൽപ്പന്നങ്ങളും കടത്താൻ ശ്രമിച്ച 1,951 ശ്രമങ്ങളും, അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട 79 കേസും, ആയുധങ്ങളും അവയുടെ അനുബന്ധ ഭാഗങ്ങളും പിടിച്ചെടുത്ത ആറ് കേസും അതിർത്തികളിൽ വെച്ച് തടയാൻ സാധിച്ചതായി അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ മുഴുവൻ സാധന സാമഗ്രികളുടെയും പരിശോധന ഇനിയും ശക്തമായി തുടരും. മറ്റ് സുരക്ഷാ ഏജൻസികളുമായി ചേർന്ന് പൂർണ സഹകരണത്തോടെയാണ് അതോറിറ്റി പ്രവർത്തിക്കുന്നത്. കള്ളക്കടത്ത് തടഞ്ഞ് രാജ്യത്തിെൻറ സുരക്ഷയും സാമ്പത്തിക വ്യവസ്ഥയും സംരക്ഷിക്കാൻ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ സൗദിയിലുള്ളവർക്ക് 1910 എന്ന ടോൾ ഫ്രീ നമ്പറിലോ, 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലോ, വിദേശത്തുനിന്നുള്ളവർക്ക് 00966114208417 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, നൽകുന്ന വിവരങ്ങൾ സത്യമാണെന്ന് വ്യക്തമായാൽ സാമ്പത്തിക പാരിതോഷികം നൽകുമെന്നും സത്ക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.