റിയാദ്: തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനിയെ മാറ്റി ഡോ. അലി നാസിര്‍ അല്‍ ഗഫീസിനെ പുതിയ മന്ത്രിയായി നിയമിച്ചു. വെള്ളിയാഴ്ച രാത്രി വൈകി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറത്തിറക്കിയ രാജ വിജ്ഞാപനത്തിലാണ് തൊഴില്‍ മന്ത്രിയുടെ സ്ഥാനചലനമുള്‍പ്പെടെ സുപ്രധാന തീരുമാനങ്ങള്‍. ആറ് രാജ വിജ്ഞാപനങ്ങളാണ് പുതുതായി ഇറങ്ങിയത്. തൊഴില്‍ മന്ത്രിയെ മാറ്റിയതിന് പുറമെ ഉന്നത പണ്ഡിതസഭ, ശൂറ കൗണ്‍സില്‍ എന്നിവ പുന:സംഘടിപ്പിക്കുകയും ചെയ്തു. ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്ല മുഹമ്മദ് ആല്‍ശൈഖിന്‍െറ അധ്യക്ഷതയിലാണ് 21 അംഗ ഉന്നത സഭ പുന:സംഘടിപ്പിച്ചത്. കൂടാതെ നാലംഗ ഫത്വ സമിതിയെയും പുതുതായി നിശ്ചയിച്ചിട്ടുണ്ട്. 150 അംഗങ്ങളുള്ള ശൂറ കൗണ്‍സില്‍ അംഗങ്ങളെ പുതുക്കി നിശ്ചയിച്ചതാണ് മറ്റൊരു സുപ്രധാന വിജ്ഞാപനം. നിലവില്‍ ശൂറ കൗണ്‍സില്‍ പ്രസിഡന്‍റായ ഡോ. ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ഇബ്രാഹീം ആല്‍ശൈഖ് തല്‍സ്ഥാനത്ത് തുടരും. ഡോ. മുഹമ്മദ് ബിന്‍ അമീര്‍ അജഫ്രി, ഡോ. യഹ്യ ബിന്‍ അബ്ദുല്ല അസ്സംആന്‍ എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരായിരിക്കും.
അതേസമയം ശൂറ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ആല്‍ അംറുവിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. കസ്റ്റംസ് മേധാവി സാലിഹ് അല്‍ഖുലൈവി, വിദ്യാഭ്യാസ വകുപ്പിലെ ഡോ. നായിഫ് അര്‍റൂമി എന്നിവര്‍ക്കും സ്ഥാനം നഷ്ടമായി. ഇവര്‍ക്കുള്ള പകരക്കാരെ നിശ്ചയിച്ചിട്ടില്ല. സൗദിയുടെ തൊഴില്‍ മേഖലയില്‍ സുപ്രധാനമായ മാറ്റങ്ങള്‍ക്ക് കാരണമായ നിതാഖാത് കാലം മുതല്‍ തൊഴില്‍ മന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ച മന്ത്രിയാണ് ഡോ. മുഫര്‍റജ് ഹഖബാനി. അന്ന് മന്ത്രിയായിരുന്ന ആദില്‍ ഫഖീഹിന് കീഴില്‍ സഹമന്ത്രിയായിരുന്നു.
നിതാഖാതിന്‍െറ ആദ്യ ഘട്ടം നടപ്പാക്കിയതിന് ശേഷം ആദില്‍ ഫഖീഹിനെ മാറ്റി ഹഖബാനിക്ക് ചുമതല നല്‍കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കിയതന് ഹഖബാനി മന്ത്രിയായപ്പോഴാണ്. സെപ്റ്റംബറിലാണ് ഈ തീരുമാനം വന്നത്. ഇതു സംബന്ധിച്ച പരിശോധനകള്‍ നടക്കുന്നതിനിടെയാണ് തൊഴില്‍ മന്ത്രിക്ക് സ്ഥാന ചലനമുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.