ആഫ്രിക്കയിലെ വിവിധ ഭാഗങ്ങളിൽ ദുർബല വിഭാഗങ്ങൾക്ക് കെ.എസ് റിലീഫിന്റെ ഭക്ഷ്യ
സഹായ പദ്ധതികൾക്ക് തുടക്കം കുറിച്ചപ്പോൾ
യാംബു: ആഫ്രിക്കയിലെ ദുർബലരായ ആളുകളെ സഹായിക്കാനുള്ള വിവിധ പദ്ധതികൾ സജീവമാക്കാനൊരുങ്ങി സൗദി. ആഗോള സഹായ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) ആഭിമുഖ്യത്തിലാണ് ഭക്ഷ്യ, വൈദ്യ സഹായ പദ്ധതികൾ കൂടുതൽ സജീവമാക്കുന്നത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വിവിധ സംരംഭങ്ങൾ കെ.എസ് റിലീഫ് ഏറ്റെടുക്കുവാൻ തീരുമാനിച്ചതായി സൗദി പ്രസ് ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ തന്നെ ആഫ്രിക്കയിലുടനീളം നിരവധി പ്രധാന ദുരിതാശ്വാസ സംരംഭങ്ങൾക്ക് തുടക്കംകുറിക്കുകയും ദ്രുതഗതിയിൽ അവ പൂർത്തിയാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ആഫ്രിക്കയിലെ ബുർക്കിന ഫാസോയുടെ തലസ്ഥാന നഗരിയായ ഔഗാഡൂഗൗവിലെ ദുർബലരായ സമൂഹത്തെ സഹായിക്കുന്നതിന് രൂപകൽപന ചെയ്ത വലിയൊരു ഭക്ഷ്യ സുരക്ഷാ സഹായ പദ്ധതി കെ.എസ് റിലീഫ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. 40 കിലോഗ്രാം ഭാരമുള്ളതും അവശ്യ ഭക്ഷ്യ വസ്തുക്കൾ അടങ്ങിയതുമായ 38,900 ഭക്ഷണ കിറ്റുകൾ ഈ പരിപാടിയിലൂടെ വിതരണം ചെയ്യുമെന്നും, ഒന്നിലധികം പ്രദേശങ്ങളിലായി ഏകദേശം 2,33,400 വ്യക്തികളിലേക്ക് സഹായ പദ്ധതി എത്തിച്ചേരുമെന്നും കെ.എസ് റിലീഫ് വക്താവ് അറിയിച്ചു.
2024ൽ കെ.എസ് റിലീഫ് ജിദ്ദയിൽ പ്രഖ്യാപിച്ച സഹായ പദ്ധതിയുടെ തുടർച്ചയാണ് ആഫ്രിക്കൻ രാജ്യങ്ങളെ പിന്തുണക്കുന്ന പുതിയ സംരംഭം. കെ.എസ് റിലീഫ് പ്രതിജ്ഞാബദ്ധമായ പരിപാടികൾ വിവിധ രാജ്യങ്ങളിൽ സജീവമാക്കി നടപ്പിൽവരുത്തുന്നുണ്ട്. മൗറിത്താനിയയിലെ നൗക്ചോട്ടിൽ മേഖലയിൽ കാർഡിയാക് സർജറി, കത്തീറ്ററൈസേഷൻ ദൗത്യം കെ.എസ് റിലീഫ് വിജയകരമായി പൂർത്തിയാക്കി. 18 അംഗ വളന്റിയർ മെഡിക്കൽ സംഘം 28 ഓപ്പൺ ഹാർട്ട് സർജറികളും 95 കാർഡിയാക് കത്തീറ്ററൈസേഷൻ നടപടിക്രമങ്ങളും, മൂന്ന് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ ഓപ്പറേഷനുകളും നടത്തിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. സുഡാനിലെ നോർത്ത് കോർഡോഫാൻ സംസ്ഥാനത്തെ ഷെയ്കാൻ പ്രദേശത്ത് കെ.എസ് റിലീഫ് 1,400 ഭക്ഷണ കിട്ടുകളുടെ വിതരണം ഇതിനകം പൂർത്തിയാക്കി. സുഡാനിലെ സൗദി അറേബ്യയുടെ ദീർഘകാല മാനുഷിക സഹായത്തിന്റെ തുടർച്ചയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.