റാഫിയെ അബ്ഹ എയർപോർട്ടിൽ നിന്ന് യാത്രയാക്കുന്നു

രോഗവും നിയമക്കുരുക്കും; അവശനായ കൊല്ലം സ്വദേശി എട്ടുവർഷത്തിന് ശേഷം നാട്ടിലേക്ക്

അബ്ഹ: രോഗവും നിയമക്കുരുക്കും മൂലം ദുരിതക്കയത്തിലായ മലയാളി എട്ടുവർഷത്തിന് ശേഷം നാട്ടിലേക്ക്. പ്രമേഹം മൂർഛിച്ച് തീർത്തും അവശനിലയിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി റാഫിയാണ് ഖമീസ് മുശൈത്തിലെ ഒരുകൂട്ടം മലയാളികളുടെ ശ്രമഫലമായി നാട്ടിലേക്ക് തിരിച്ചത്.

15 വർഷത്തിലധികമായി സൗദി പ്രവാസിയായ റാഫി എട്ട് വർഷമായി നാട്ടിൽ പോയിരുന്നില്ല. തന്റെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് പാസ്​പോർട്ട് ഡയറക്ടറേറ്റിന് (ജവാസത്ത്) പരാതി നൽകി ഒളിച്ചോടി (ഹുറൂബ്) എന്ന കേസിൽ പെടുത്തുകയായിരുന്നു. ഇത് കാരണം നാട്ടിൽ പോകാനാവാത്ത നിയമക്കുരുക്കിലായി പോവുകയായിരുന്നു.

അതിനിടയിലാണ് പ്രമേഹം കലശലായത്. കാലിനെ പഴുപ്പ് ബാധിച്ച് മുറിവ് ഉണങ്ങാത്ത സ്ഥിതിയായപ്പോൾ നാട്ടിൽ പോയി വിദഗ്ധ ചികിത്സ തേടാൻ ഇവിടെ പരിശോധിച്ച ഡോക്ടർ നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് നാട്ടിൽ പോകാൻ ശ്രമം നടത്തിയെങ്കിലും 'ഹുറൂബ്' കുരുക്ക് തടസ്സമാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഹൈദർ തൃശ്ശൂർ, പ്രസാദ് നാവായിക്കുളം എന്നിവർ ഒ.ഐ.സി.സി ദക്ഷിണമേഖല പ്രസിഡൻറും ജിദ്ദ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ മെമ്പറുമായ അഷ്റഫ് കുറ്റിച്ചലിന്റെ സഹായം തേടി.

അദ്ദേഹം നാടുകടത്തൽ കേന്ദ്രവുമായി ബന്ധപ്പെട്ട് എക്സിറ്റ് നേടി. തുടർന്ന് വിമാനടിക്കറ്റിനും നാട്ടിൽ പോയി ചികിത്സിക്കാനുമുള്ള പണവും വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ചേർന്ന് സമാഹരിച്ച് നൽകി. മുജീബ് കരുനാഗപ്പള്ളി, അക്ബർ പുന്നല, കരീം കരുനാഗപ്പള്ളി, സെയ്ദ് അലവി ചിറയിൻകീഴ്, അൻസാദ് കുന്നിക്കോട്, വിജയൻ മാവേലിക്കര, സെയ്ദ് തിരുവനന്തപുരം, സുഭാഷ് ഓച്ചിറ, ശ്യാം കൊല്ലം എന്നിവരുടെ ശ്രമഫലമായാണ് വേഗത്തിൽ നാട്ടിലേയ്ക്ക് പോകാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കാനായത്. റാഫിക്ക് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. 

Tags:    
News Summary - Kollam native Rafi returns home after eight years from Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.