റിയാദ്: വിവാഹം, ചികിത്സ, വീട് നിർമാണം, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി റിയാദ് കെ.എം.സി.സി വനിത വിങ് മൂന്ന് ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽ ഉൾപ്പെട്ട നിർധനരായ കുടുംബങ്ങൾക്കാണ് ധനസഹായം നൽകിയത്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പഞ്ചായത്തിലെ നിർധന കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹത്തിന് രണ്ട് ലക്ഷം രൂപയും പാലക്കാട് ജില്ലയിൽ തന്നെയുള്ള മണ്ണാർക്കാട് സ്വദേശികളായ നിർധന കുടുംബത്തിലെ അപകടത്തിൽ കാലിന് പരിക്കേറ്റ 12 വയസുള്ള കുട്ടിയുടെ ശസ്ത്രകിയക്കായി 30,000 രൂപയും കൈമാറി.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയും കാൻസർ രോഗിയുമായ യുവതിയുടെ ഭവനനിർമാണത്തിന് 25,000 രൂപയും കോഴിക്കോട് ജില്ലയിൽ തന്നെയുള്ള നരിക്കുനി സ്വദേശി വിധവയായ വയോധികയുടെ വീട് നിർമാണ ഫണ്ടിലേക്ക് 20,000 രൂപയും പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ സ്വദേശി വിധവയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിക്ക് മോണ്ടിസോറി ബിരുദം നേടുന്നതിനാവശ്യമായ പഠന ചെലവിലേക്ക് 25,000 രൂപയുമാണ് നൽകിയത്. വിവിധ മുസ്ലിം ലീഗ് കമ്മിറ്റികൾ മുഖേനയും ബാങ്ക് വഴി കുടുംബങ്ങൾക്ക് നേരിട്ടുമാണ് സഹായങ്ങൾ കൈമാറിയതെന്ന് വനിതാവിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, മറ്റു ഭാരവാഹികളായ നജ്മ ഹാഷിം, തിഫ്ല അനസ്, സബിത മുഹമ്മദലി, സാറ നിസാർ, ഫസ്ന ഷാഹിദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.