കെ.എം.സി.സി റിയാദ് ഗ്രാന്റ് റയാൻ സൂപ്പർ കപ്പിൽ ജേതാക്കളായ പാലക്കാട് ജില്ലാ ടീമിന് അഡ്വ. ഹാരിസ് ബീരാൻ എം.പി കപ്പ് നൽകുന്നു

കെ.എം.സി.സി റിയാദ് ഗ്രാന്റ് റയാൻ സൂപ്പർ കപ്പ്; പാലക്കാടിന് കിരീടം

റിയാദ്: ആഘോഷവും ആരവവും നിറഞ്ഞുനിന്ന രാവിൽ ദിറാബ് മലാബ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളെ സാക്ഷിനിർത്തി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് റയാൻ സൂപ്പർ കപ്പിൽ കെ.എം.സി.സി പാലക്കാട് ജില്ല ടീം സുവർണ കിരീടം ചൂടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ കെ.എം.സി.സി കോഴിക്കോട് ജില്ല ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പാലക്കാട് ചാമ്പ്യന്മാരായത്.

വിസിൽ മുഴങ്ങിയ ആദ്യ നിമിഷം തൊട്ട് ആദ്യപകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. വർധിത ആവേശത്തോടെയാണ് രണ്ടാംപകുതി ആരംഭിച്ചത്. മുഹമ്മദ്‌ സുഹൈലും റിസ്‌വാനും അർഷദും അടങ്ങിയ പാലക്കാടിന്റെ മുന്നേറ്റനിര നിരന്തരം കോഴിക്കോടിന്റെ ഗോൾ മുഖത്ത് ഭീതി സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കളിയുടെ 59 ാം മിനിറ്റിൽ മധ്യനിരയിൽനിന്ന് സുഹൈലിനെ ലക്ഷ്യമാക്കി നൽകിയ നീളൻ പാസ് തടയാൻ കോഴിക്കോടിന്റെ പ്രതിരോധനിര താരവും ഗോൾ കീപ്പറും മുന്നോട്ട് വന്നപ്പോൾ അവർക്കിടയിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് സുഹൈലുതിർത്ത മനോഹരമായ ഷോട്ട് ഗോൾ വല തൊട്ടു.

ഗോൾ വീണതോടെ ഉണർന്നു കളിച്ച കോഴിക്കോട് നിരന്തരം പാലക്കാടിന്റെ ഗോൾ പോസ്റ്റിന് മുമ്പിൽ പരീക്ഷണങ്ങൾ തുടർന്നു. തഷിൻ റഹ്മാനും ജിഫ്രി അരീക്കനും ഹനീഫയും സാധ്യമായ മുഴുവൻ കളിയും പുറത്തെടുത്തിട്ടും ലക്ഷ്യംകാണാൻ കഴിഞ്ഞില്ല. കളിയുടെ അവസാന നിമിഷത്തിൽ പാലക്കാടിന്റെ ഗോൾ കീപ്പറേയും മറികടന്നു ഗോളെന്നുറച്ച പന്ത് പാലക്കാടിന്റെ പ്രതിരോധനിര താരത്തിന്റെ അവസരോചിത ഇടപെടലിൽ ലക്ഷ്യംകാണാതെ പുറത്തേക്ക് പോയി.

റണ്ണർ ആപ്പ് ആയ കോഴിക്കോട് ജില്ലാ ടീമിന് കപ്പ് സമ്മാനിച്ചപ്പോൾ

 

ടൂർണമെന്റിലെ മികച്ച ടീമിനുള്ള പുരസ്കാരത്തിന് കെ.എം.സി.സി കാസർകോട് ജില്ല ടീം അർഹരായി. പാലക്കാടിന്റെ കളിക്കാരായ മുഹമ്മദ്‌ സുഹൈൽ ടൂർണമെന്റിലെ മികച്ച കളിക്കാരനായും ഫാസിൽ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. കെ.എം.സി.സി മലപ്പുറം ജില്ലയുടെ ഫാസിലാണ് കൂടുതൽ ഗോളുകൾ നേടിയ താരം. മികച്ച പ്രതിരോധനിര താരമായി കോഴിക്കോടിന്റെ മുഹമ്മദ് കൗഫിനേയും തെരഞ്ഞെടുത്തു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, അഡ്വ. ഹാരിസ് ബീരാൻ എം.പി, മാധ്യമപ്രവർത്തകൻ കമാൽ വരദൂർ, ദലിത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി. ബാബു, കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, അൽറയാൻ പോളിക്ലിനിക്ക് എം.ഡി മുഷ്ത്താഖ് മുഹമ്മദ്‌ അലി, അഡ്വ. അനീർ ബാബു, സത്താർ താമരത്ത്, നജീബ് നല്ലാംങ്കണ്ടി, അസീസ് വെങ്കിട്ട, പി.സി. അലി, അബ്ദുറഹ്മാൻ ഫറൂഖ് എന്നിവർ വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു.

സിറ്റിഫ്‌ളവർ എച്ച്.ആർ മാനേജർ സ്വാലിഹ് അബ്ദുല്ല ഹംസ, എ.ബി.സി കാർഗോ ഡയറക്ടർ സലീം അബ്ദുൽ ഖാദർ, ഔട്ട് റൈറ്റ് ഗ്ലോബൽ എം.ഡി ജസീർ, എ.ജി.സി കാർ ആക്സസറീസ് എം.ഡി അലി, ശാഹുൽ അൻവർ മോഡേൺ സർക്യൂട്ട്, ജയ് മസാല മാർക്കറ്റിങ് മാനേജർ മണിക്കുട്ടൻ, അൽ ബിനിയ ബ്യൂട്ടി പാർലർ ഹെഡ് സ്റ്റീഫൻ, സഫമക്ക പോളിക്ലിനിക്ക് എച്ച്.ആർ മാനേജർ ഇല്ല്യാസ് മറുകര, ലിയാഖത്ത് വെസ്റ്റേൻ യൂനിയൻ ബ്രാഞ്ച് മാനേജർ, ബഷീർ ഐ.ബി ടെക്, ബഷീർ പാരഗൺ, ശർഗാവി ലോജിസ്റ്റികിസ് എം.ഡി. മുഹമ്മദ് മഷ്ഹൂദ്, സിറാജ് അത്തോളി അൺലോക്ക്, നജ്മുദ്ധീൻ മഞ്ഞളാംകുഴി റോയൽ മിറാജ്, റീവ് കൺസൾട്ടന്റ് ഡയറക്ടർ റാഷിദ്‌ എൻ.എം, മാൻഗോ സിറ്റി മാനേജർ ഷബീർ ഓതായി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

Tags:    
News Summary - KMCC Riyadh Grand Ryan Super Cup; Palakkad win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.