ക്ലബ് വിഭാഗത്തിൽ ചാമ്പ്യൻമാരായ കംഫർട്ട് ട്രാവൽസ് റീം എഫ്.സി യാംബു ടീം
ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി കായിക വിഭാഗം സംഘടിപ്പിച്ച പ്രഥമ ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ക്ലബ് വിഭാഗത്തിൽ കംഫർട്ട് ട്രാവൽസ് റീം എഫ്.സി യാംബു കിരീടം ചൂടി. കെ.എം.സി.സി ജില്ല തല മത്സരങ്ങളിൽ പാലക്കാട് ടീമും ജൂനിയർ വിഭാഗത്തിൽ ജെ.എസ്.സി അക്കാദമിയും ജേതാക്കളായി.
കെ.എം.സി.സി ജില്ല വിഭാഗത്തിൽ വിജയികളായ പാലക്കാട് ടീം
ക്ലബ് വിഭാഗം ചാമ്പ്യൻഷിപ്പിൽ കംഫർട്ട് ട്രാവൽസ് റീം എഫ്.സി, ബിറ്റ് ബോൾട്ട് എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് കിരീടം നേടിയത്. റീം എഫ്.സിക്കുവേണ്ടി ജിതിൻ, ഗോകുൽ, അമൽ, ജൈസൽ എന്നിവർ ഓരോ ഗോളുകൾ നേടി. റീം എഫ്.സിയുടെ ജിതിനെ ഫൈനൽ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.
ജൂനിയർ വിഭാഗം ജേതാക്കളായ ജെ.എസ്.സി
ബിറ്റ് ബോൾട്ട് എഫ്.സിയുടെ ഷിബിലി ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറും, റീം എഫ്.സിയുടെ ഗോകുൽ മികച്ച ഡിഫൻഡറുമായി. ബെസ്റ്റ് ഫോർവേഡായി റീം എഫ്.സിയുടെ ജിബിൻ വർഗീസിനെ തെരഞ്ഞെടുത്തു. ബിറ്റ് ബോൾട്ട് എഫ്.സിക്ക് ഫെയർ പ്ലേ അവാർഡും ലഭിച്ചു.
ജില്ല തല ഫൈനലിൽ പാലക്കാടിന്റെ തേരോട്ടമായിരുന്നു. മുൻ ഇന്ത്യൻ താരം വി.പി. സുഹൈർ നയിച്ച പാലക്കാട് കെ.എം.സി.സി, ആവേശകരമായ ഫൈനലിൽ കണ്ണൂർ കെ.എം.സി.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ദേശീയ, അന്തർദേശീയ താരങ്ങൾ അണിനിരന്ന ജില്ല തല ഫൈനൽ മത്സരം ആവേശകരമായിരുന്നു. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച പാലക്കാട് കെ.എം.സി.സിക്ക് വേണ്ടി ക്യാപ്റ്റൻ വി.പി. സുഹൈർ ഹാട്രിക്ക് നേടി.
കളിയുടെ 15-ാം മിനിറ്റിൽ സുഹൈർ ആദ്യ ഗോൾ നേടി അക്കൗണ്ട് തുറന്നു. ആദ്യ പകുതിയിൽ തന്നെ ലഭിച്ച മറ്റൊരു സുവർണാവസരം വലയിലെത്തിച്ച് സുഹൈർ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ശക്തമായ പ്രതിരോധം തീർത്ത കണ്ണൂരിനെതിരെ മനോഹരമായ ഒരു ഹെഡറിലൂടെ സുഹൈർ ഹാട്രിക്ക് പൂർത്തിയാക്കി. കഴിഞ്ഞ മാസം റിയാദ് കെ.എം.സി.സി ടൂർണമെന്റിലും വിജയികളായ പാലക്കാട് ജില്ലാ ടീം ഈ വിജയത്തോടെ ഇരട്ടിമധുരം നേടി.
വി.പി. സുഹൈറിനെ ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായും ടൂർണമെന്റിലെ ബെസ്റ്റ് ഫോർവേഡായും തിരഞ്ഞെടുത്തു. പാലക്കാടിന്റെ ആഷിഖിനെ മികച്ച ഗോൾകീപ്പറായും സാനിഷിനെ മികച്ച ഡിഫെൻഡറായും തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച ആരാധകരുള്ള ടീമായി പാലക്കാട് കെ.എം.സി.സിയെ തിരഞ്ഞെടുത്തു. ക്വാർട്ടർ ഫൈനലിലും സെമിയിലും ഇരട്ട ഗോളുകൾ നേടിയ കണ്ണൂരിന്റെ ഹാസിമാണ് ടോപ്സ്കോറർ. ഫെയർപ്ലേ അവാർഡ് കെ.എം.സി.സി സൗത്ത് സോണിനാണ്.
ജൂനിയർ വിഭാഗം മത്സരത്തിൽ ജെ.എസ്.സി അക്കാദമി, സോക്കർ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബോജർ, റിസ്‌വാൻ എന്നിവരാണ് ജെ.എസ്.സിക്കു വേണ്ടി ഗോളുകൾ നേടിയത്. ജെ.എസ്.സിയുടെ റിസ്‌വാനെ ഫൈനലിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജെ.എസ്.സിയുടെ ഫുസൈൽ മികച്ച ഗോൾകീപ്പറും മുആസ് മികച്ച ഡിഫെൻഡറുമായി. സോക്കർ എഫ്. സിയുടെ യാസീനെയാണ് ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത്.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ചെയർമാൻ കാദർ ചെങ്കള ഫൈനൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് അബ്ദുൽ റസാക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും ട്രഷറർ വി.പി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ഫൈനലിൽ മുഖ്യാതിഥിയായിരുന്ന ഫ്രീസ്റ്റൈൽ ഫുട്ബാൾ താരവും ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഉടമയുമായ മുഹമ്മദ് രിസ്‌വാന്റെ പ്രകടനങ്ങളും കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച കുട്ടികളുടെ ഒപ്പനയും കാണികൾക്ക് വിരുന്നൊരുക്കി.
കെ.എം.സി.സി ഭാരവാഹികളായ ഷൗക്കത്ത് ഞാറക്കൊടൻ, സുബൈർ വട്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, ഷക്കീർ മണ്ണാർക്കാട്, അഷ്റഫ് താഴെക്കോട്, ലത്തീഫ് വെള്ളമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.