ഗസ്സയിലെ കിങ് സൽമാൻ റിലീഫ് ജലശുദ്ധീകരണ പദ്ധതിയിൽ നിന്നും ഫലസ്തീൻ നിവാസികൾ വെള്ളം ശേഖരിക്കുന്നു

ഗസ്സയിൽ കിങ് സൽമാൻ റിലീഫ് ജലശുദ്ധീകരണ പദ്ധതി ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

റിയാദ്: ഗസ്സയിൽ കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിൽ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഫലസ്തീൻ അഭയാർഥികളെ സഹായിക്കുന്നതിനുള്ള യു.എൻ റിലീഫ് ഏജൻസി, യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം, യു.എൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ്, യു.എൻ ചിൽഡ്രൻസ് ഫണ്ട് എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

പ്ലാന്റുകൾക്കായി സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന്റെ പിന്തുണയോടെ സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജിലെ സാങ്കേതിക സംഘങ്ങൾ ആണ് ഇതിനുള്ള പ്രവർത്തനം ആരംഭിച്ചത്.

ഖാൻ യൂനിസിലും മിഡിൽ ഗവർണറേറ്റുകളിലും നാല് കടൽജലശുദ്ധീകരണ പ്ലാന്റുകളുടെ നിർമ്മാണത്തിലൂടെ മൂന്ന് ലക്ഷം ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്. കിങ് സൽമാൻ സെന്ററിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി തുടർച്ചയായ യുദ്ധത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയുടെയും ഫലമായി ഗസ്സ നിവാസികൾ അനുഭവിക്കുന്ന ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങൾക്കിടയിൽ സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

കുടിയിറക്ക ക്യാമ്പുകളിലെ ജനസാന്ദ്രത, ജലക്ഷാമം, ജലസ്രോതസ്സുകൾ ആക്‌സസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് എന്നിവ അനുഭവിക്കുന്ന പ്രദേശങ്ങൾ എന്നിവ കണക്കിലെടുത്ത് കൃത്യമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ജലശുദ്ധീകരണത്തിനായി നാല് സ്ഥലങ്ങൾ തെരഞ്ഞെടുത്തതെന്ന് കേന്ദ്രം വിശദീകരിച്ചു.

പരമാവധി ഗുണഭോക്താക്കൾക്ക് ഇത് കുടി​വെള്ളം ഉറപ്പാക്കുന്നു. ഉപരോധവും ക്രോസിങുകൾ അടച്ചതും കാരണം ഗസ്സയിൽ പതിവായി വൈദ്യുതി തടസ്സങ്ങൾ അനുഭവപ്പെടുന്നതിനാൽ സേവനത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനും പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുമാണ് സൗരോർജ്ജം സംവിധാനങ്ങൾ ഒരുക്കുന്നത്.

മാനുഷികവും ജീവിതപരവുമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ജനസംഖ്യയുടെ പ്രത്യേകിച്ച് ജലം, ആരോഗ്യം, അഭയം എന്നീ മേഖലകളിലെ ദുരിതങ്ങൾ ലഘൂകരിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കിങ് സൽമാൻ റിലീഫ് കേന്ദ്രം പറഞ്ഞു.

Tags:    
News Summary - King Salman Relief inaugurates first phase of water purification project in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.