റിയാദിൽ 15 ചത്വരങ്ങൾക്ക് ഇമാമുകളുടെയും രാജാക്കന്മാരുടെയും പേരുകളിടുന്ന നടപടിക്ക് തുടക്കം കുറിച്ചപ്പോൾ
റിയാദ്: സൗദി തലസ്ഥാനനഗരത്തിലെ പ്രധാന വീഥികളിലെ 15 ചത്വരങ്ങൾക്ക് (സ്ക്വയറുകൾ) രാജ്യത്തെ പ്രമുഖ ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരിടാനുള്ള സൽമാൻ രാജാവിന്റെ നിർദേശം നടപ്പാക്കിത്തുടങ്ങി.
സൗദി സ്ഥാപകദിനാഘോഷത്തോട് അനുബന്ധിച്ച് രാജാവാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇത് സംബന്ധിച്ച അഭ്യർഥന സമർപ്പിച്ചത്.
രാജ്യത്തെ ഇമാമുമാരുടെയും രാജാക്കന്മാരുടെയും സ്മരണാർഥമാണിത്. റിയാദിലെ പ്രധാന റോഡുകളിലാണ് ഇത്രയും ചത്വരങ്ങൾ സ്ഥിതിചെയ്യുന്നത്.
രാജാവിന്റെ നിർദേശം ഞായറാഴ്ചയാണുണ്ടായത്. തിങ്കളാഴ്ച റിയാദ് മുനിസിപ്പാലിറ്റി ഇത് നടപ്പാക്കാൻ ആരംഭിക്കുകയും ചെയ്തു. ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരുകൾ ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് തുടങ്ങിയത്.
മുനിസിപ്പാലിറ്റി വക പൊതുവിടങ്ങളിൽ ദേശീയ ഐഡന്റിറ്റി ശക്തിപ്പെടുത്തുക, രാജ്യത്തിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ചരിത്രപരവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉയർത്തിക്കാട്ടി ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുക, സൗദി രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിലും അതിന്റെ വികസനത്തിലും പങ്കുവഹിച്ചവരുടെ സ്മരണകൾ നിലനിർത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരുകളോട് കൂടിയ ബോർഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.