കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി
യാംബു: ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരമുള്ള ജിദ്ദ തൂവലിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിക്ക് (കൗസ്റ്റ്) വീണ്ടും ആഗോള അംഗീകാരം. 2025ലെ ടൈംസ് ഹയർ എജുക്കേഷൻ അറബ് യൂനിവേഴ്‌സിറ്റി റാങ്കിങ്ങിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാം സ്ഥാനം നേടി.
അറബ് ലോകത്തെ മുൻനിര ഗവേഷണ സർവകലാശാല എന്ന നിലയിൽ കൗസ്റ്റിന്റെ സ്ഥാനം ആഗോള അംഗീകാരം ശക്തിപ്പെടുത്തുകയും ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിൽ രാജ്യത്തിന്റെ തുടർച്ചയായ ആഗോളമികവിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
ജോർദാനിൽ ഉന്നത വിദ്യാഭ്യാസ വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ മേഖലയിലെ പങ്കാളികൾ, വിദ്യാസ വിശാരദർ എന്നിവരടക്കം പങ്കെടുത്ത ‘അറബ് യൂനിവേഴ്‌സിറ്റി ഉച്ചകോടി 2025’ലാണ് ടൈംസ് ഹയർ എജുക്കേഷൻ റാങ്കിങ് പ്രഖ്യാപനമുണ്ടായത്. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, അന്താരാഷ്ട്ര കാഴ്ചപ്പാട് എന്നിവയിൽ മേഖലയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സർവകലാശാലകളിൽ മുൻനിരയിൽ നിൽക്കുന്ന കൗസ്റ്റ് ഇതിനകം ആഗോള തലത്തിൽ വൻതോതിൽ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.
ആഗോള സൂചകങ്ങളിലെ സർവകലാശാലയുടെ പുരോഗതി രാജ്യത്തിന്റെ ‘വിഷൻ 2030’ന്റെയും മനുഷ്യശേഷി വികസന പരിപാടിയുടെയും പുരോഗതിയെ അടിവരയിടുന്നു. സൗദി സർവകലാശാലകളിൽ മുൻ നിരയിലുള്ള കൗസ്റ്റ് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ബൃഹദ് സ്ഥാപനമായി ഇതിനകം ശ്രദ്ധേ നേടി. ഉന്നത വിദ്യാഭ്യാസവും ആഗോള മത്സരക്ഷമതയും വർദ്ധിപ്പിക്കുക എന്ന ‘വിഷൻ 2030’െൻറ ലക്ഷ്യത്തിന് അനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയോടുള്ള സർവകലാശാലയുടെ പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വമ്പിച്ച വിപ്ലവമുണ്ടാക്കി മുന്നേറുകയാണ് കൗസ്റ്റ്. ലോകത്തെ മുഴുവൻ ആളുകൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ വിജ്ഞാനത്തിന്റെ ബഹുമുഖമായ വികാസം ലക്ഷ്യമിട്ട് സൗദി മുൻ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ പദ്ധതിയായി 2009ലാണ് സ്ഥാപിച്ചത്. നൂറിലധികം രാജ്യങ്ങളിൽ നിന്നടക്കം ഏഴായിരത്തോളം വിദ്യാർഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. ശാസ്ത്രജ്ഞന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും എൻജിനീയർമാരുടെയും പുതിയ തലമുറക്ക് ഗവേഷണത്തിനുള്ള അവസരം കൗസ്റ്റ് ഒരുക്കുന്നു. ഗവേഷണ രംഗത്ത് നൂതനമായ പല സംഭാവനകൾ നൽകാൻ ഇതിനകം സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.