കേരള എൻജിനീയേഴ്സ് ഫോറം സംഘടിപ്പിച്ച വനിതാശിൽപശാല ‘വിസ്താര’യിൽ പങ്കെടുത്തവർ
റിയാദ്: കേരള എൻജീനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വനിത അംഗങ്ങൾക്കായി ശിൽപശാല സംഘടിപ്പിച്ചു. റിയാദിലെ ഹോളിഡേ ഇൻ ഹോട്ടലിൽനടന്ന പരിപാടിയിൽ നിരവധി വനിത അംഗങ്ങൾ പങ്കെടുത്തു. സൗദിയിൽ സ്ത്രീകളുടെ പ്രഫഷനൽ, കരിയർ മേഖലയിലെ മുന്നേറ്റത്തിനുള്ള പ്രധാന വഴികൾ പരിപാടിയിൽ എടുത്തുകാണിച്ചു.
സൗദി വിഷൻ 2030ന്റെ ഭാഗമായി വരാനിരിക്കുന്ന വിപുലമായ തൊഴിലവസരങ്ങളെക്കുറിച്ച് നിസാർ ഹുസൈൻ സംസാരിച്ചു.പ്രഫഷനൽ നെറ്റ്വർക്കിങ്ങിന്റെ നിർണായക പ്രാധാന്യത്തെക്കുറിച്ച് ഫെർമിസ് അബ്ദുറഹ്മാൻ, ഫലപ്രദമായ തൊഴിൽ നാവിഗേഷന്‍ അത്യാവശ്യമായ സി.വി, ലിങ്ക്ഡ്ഇൻ ഒപ്റ്റിമൈസേഷൻ എന്നിവയെക്കുറിച്ച് അമീർ ഖാൻ എന്നിവരുടെ ഉൾക്കാഴ്ചയുള്ള അവതരണങ്ങൾ സെഷനിൽ ഉണ്ടായിരുന്നു. ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് നയിച്ച പ്രഫഷനൽ വർക്ഷോപ് മുഖ്യ ആകർഷണമായിരുന്നു.
ഡോ. യാസ്മിൻ മുഹമ്മദ്, ഡോ. സബിത മുഹമ്മദ്, ദീപ്തി രാമചന്ദ്രൻ, സംഗീത അനൂപ് എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയോടെയാണ് പരിപാടി അവസാനിച്ചത്. വർദ മാമുക്കോയ പാനൽ ചർച്ച നിയന്ത്രിച്ചു. പാനലിസ്റ്റുകൾ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുകയും എൻജിനീയറിങ്, മെഡിസിൻ, വിദ്യാഭ്യാസം, അഡ്മിനിസ്ട്രേഷൻ മേഖലകളിലുടനീളമുള്ള നിലവിലെ അവസരങ്ങളെയും പ്രവണതകളെയും കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും ചെയ്തു.
പ്രഫഷനൽ, കരിയർ, പേഴ്സണൽ ഡെവലപ്മെന്റിന് മുതൽകൂട്ടാവുന്ന പരിപാടിയായ ‘വിസ്താര’ പരിപാടികൾക്ക് ഫോറം എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ഷഫാന മെഹ്റു മൻസിൽ സ്വാഗതവും നിത ഹിദാഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.