ദമ്മാം: പ്രഥമ കേരള ചാമ്പ്യൻസ് ലീഗിൽ യുനൈറ്റഡ് കൊല്ലം ജേതാക്കളായി. കൊല്ലം ജില്ലയെ പ്രതിനിധാനംചെയ്ത് കളത്തിലിറങ്ങിയ യുനൈറ്റഡ് കൊല്ലം ഫൈനലിൽ അവഞ്ചേഴ്സ് മലപ്പുറത്തെ ഒമ്പത് വിക്കറ്റിന് തോൽപിച്ചാണ് പ്രഥമ കേരള ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയത്. സൗദിയിലെ വിവിധ പ്രവിശ്യകളിൽനിന്ന് ജില്ലതലത്തിൽ മത്സരിക്കുന്ന 12 ടീമുകൾ വാശിയേറിയ പോരാട്ടത്തിൽ മാറ്റുരച്ചു. കേരളത്തിലെ ജില്ലകളുടെ അടിസ്ഥാനത്തിൽ സൗദിയിൽ നടന്ന ആദ്യ ടൂർണമെൻറാണിത്.
ദമ്മാം ഗുക്ക ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറിയ ക്രിക്കറ്റ് മാമാങ്കം കാണാൻ നിരവധി കായിക പ്രേമികൾ എത്തിച്ചേർന്നിരുന്നു. ഫൈനലിൽ ടോസ് നേടിയ യുനൈറ്റഡ് കൊല്ലം മലപ്പുറം അവഞ്ചേഴ്സിനെ ബാറ്റിങ്ങിന് അയച്ചു. ഒരു ഘട്ടത്തിൽ രണ്ട് ഓവറിൽ 32 റൺസോടെ ശക്തമായ നിലയിൽ നിന്ന മലപ്പുറം അവഞ്ചേഴ്സിനെ എട്ട് ഓവറിൽ 60 റൺസ്, ഏഴ് വിക്കറ്റ് എന്ന സ്കോറിലേക്ക് തകർത്തെറിഞ്ഞത് യുനൈറ്റഡ് കൊല്ലത്തിെൻറ ഷൈൻ, അനസ് എന്നിവരുടെ മികച്ച ബൗളിങ് പ്രകടനമായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുനൈറ്റഡ് കൊല്ലം നിതിെൻറയും (ചിക്കു) സൽമാെൻറയും വെടിക്കെട്ട് പ്രകടനത്തിൽ മൂന്ന് ഓവറും മൂന്ന് പന്തും മാത്രം കളിച്ച് ലക്ഷ്യം കാണുകയായിരുന്നു. ഫൈനലിലെ മാൻ ഓഫ് ദ മാച്ചിന് നിതിനും (ചിക്കു- യുനൈറ്റഡ് കൊല്ലം) പ്ലെയർ ഓഫ് ദ ടൂർണമെൻറിന് റാഷിയും (അവഞ്ചേഴ്സ് മലപ്പുറം) അർഹരായി. പ്രതികൂല കാലാവസ്ഥയിലും രാത്രി 12വരെ നീണ്ട കളിയുടെ സമാപന ചടങ്ങിൽ വിവിധ സാമൂഹിക സാംസ്കാരിക കായികരംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.
ക്രിക്കറ്റ് പ്രേമികൾക്ക് ലൈവ് വീക്ഷിക്കാൻ ഭാരവാഹികൾ ക്രിക്കറ്റ് പ്രാന്തൻസ് ഗ്രൂപ്പ് വഴി അവസരമൊരുക്കിയിരുന്നു. ഭാരവാഹികളായ യൂസുഫ് അലി, ഷഫീഖ് പൂന്തോട്ടത്തിൽ, ശിഹാബ് വെട്ടത്തൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.