ദുബൈ: അപ്രതീക്ഷിതമായെത്തിയ വിലക്കിൽ നിരാശരായെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ദുബൈയിൽ പരിശീലനം തുടങ്ങി. ടീം എത്തിയ ബുധനാഴ്ച രാത്രി തന്നെ ദുബൈ അൽ നസ്ർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. വ്യാഴാഴ്ച രാത്രിയും പരിശീലനം നടത്തി. പരിശീലകൻ ഇവാൻ വുകുമിനോവിചിന്‍റെ നേതൃത്വത്തിലാണ് പരിശീലനം. പകൽ സമയത്ത് കനത്ത ചൂടായതിനാൽ രാത്രി ഏഴു മുതലാണ് ടീം കളത്തിലിറങ്ങുന്നത്.
ദുബൈയിലെ അന്താരാഷ്ട്ര പരിശീലന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് പദ്ധതി. ഈ ആഴ്ച തന്നെ ഏതെങ്കിലും ടീമുമായി സൗഹൃദ മത്സരം നടത്താനും ശ്രമം നടത്തുന്നുണ്ട്. ഫുട്ബാൾ ഫെഡറേഷനുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സുപ്രീംകോടതി വിധി വരുന്നത് ഉറ്റുനോക്കുകയാണ് സംഘാടകർ. കോടതിവിധി അനുകൂലമാവുകയും ഫിഫ വിലക്ക് വേഗത്തിൽ നീങ്ങുകയും ചെയ്താൽ വൈകിയാണെങ്കിലും മത്സരം നടക്കുമെന്ന പ്രതീക്ഷയും സംഘാടകർ പങ്കുവെക്കുന്നു.
പ്രി സീസൺ മത്സരങ്ങൾ ഉപേക്ഷിച്ചെങ്കിലും ടീം ഉടൻ മടങ്ങില്ല. ഈ മാസം അവസാനം വരെ ടീം ദുബൈയിലുണ്ടാവും. 29ന് മടങ്ങാനാണ് പദ്ധതി.
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനെ ഫിഫ വിലക്കിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രി സീസൺ മത്സരങ്ങൾ റദ്ദാക്കേണ്ടി വന്നത്. 26 അംഗ സംഘം ദുബൈയിൽ എത്തിയ ശേഷമാണ് മത്സരങ്ങൾ റദ്ദാക്കിയത്. ദുബൈ അൽ നാസ്ർ ക്ലബ്, ദിബ്ബ എഫ്.സി, ഹത്ത ക്ലബ്ബ് എന്നീ ടീമുകൾക്കെതിരെയായിരുന്നു മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. സ്പോർട്സ് ഇവന്‍റ് കമ്പനിയായ എച്ച് 16 ആയിരുന്നു ടൂർണമെന്‍റിന്‍റെ സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.