കേളി ഭാരവാഹികൾ റിയാദിൽ വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 23ാം വാർഷികാഘോഷമായ ‘കേളി ദിന’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘റിയാദ് ജീനിയസ് 2024’ (ഗ്രാൻഡ്മാസ്റ്റർ ഷോ വിത്ത് മ്യൂസിക്കൽ നൈറ്റ്) എന്ന പേരിൽ ഏപ്രിൽ 19ന് അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേളി ദിനം ഈ വർഷം രണ്ട് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്.
ആദ്യ ദിനം കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ കോർത്തിണക്കി ഫെബ്രുവരി രണ്ടിന് റിയാദ് ഷിഫയിൽ അരങ്ങേറിയിരുന്നു. സാംസ്കാരിക സമ്മേളനത്തിൽ ദേശാഭിമാനി വാരികാ പത്രാധിപർ ഡോ. കെ.പി. മോഹനൻ പങ്കെടുത്തു. രണ്ടാം ഭാഗമായാണ് റിയാദ് ജീനിയസ് എന്ന മെഗാഷോ സംഘടിപ്പിക്കുന്നത്.
റിവേഴ്സ് ക്വിസ് മാസ്റ്ററെന്ന നിലയിൽ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച ഗ്രാന്‍ഡ് മാസ്റ്റർ ജി.എസ്. പ്രദീപാണ് ഷോ നയിക്കുന്നത്.
ചലച്ചിത്ര പിന്നണി ഗായകനും നിർമാതാവുമായ അൻവർ സാദത്ത്, പിന്നണി ഗായികയും വയലിനിസ്റ്റും ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മി ജയൻ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും റിയാദിലെ അറിയപ്പെടുന്ന ഡാൻസ് സ്കൂളുകളിലെ കലാകാരന്മാരുടെ കലാപ്രകടനങ്ങളും കേളി കുടുംബവേദി പ്രവർത്തകർ പൊതുസമൂഹത്തെയും അണിനിരത്തി നടത്തുന്ന മെഗാ തിരുവാതിരയും ഷോയുടെ ഭാഗമായി അരങ്ങേറും.
ഏപ്രിൽ 19ന് റിയാദിലെ മലസ് ലുലു റൂഫ് അരീനയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള എൻറർടൈൻമെൻറ് അതോറിറ്റിയുടെ അനുമതി പത്രം ലഭിച്ചതായും തികച്ചും സൗജന്യമായാണ് പരിപാടിയിലേക്ക് എല്ലാവർക്കും പ്രവേശനം നൽകുന്നതെന്നും 7000ത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ രക്ഷധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ആക്ടിങ് ട്രഷറർ സുനിൽ സുകുമാരൻ, കൺവീനർ മധു ബാലുശ്ശേരി, ആക്ടിങ് ചെയർമാൻ റഫീഖ് പാലത്ത് എന്നിവർ പങ്കെടുത്തു. വാർത്താസമ്മേളനത്തിനുശേഷം മെഗാഷോയുടെ പോസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.