റിയാദ്: റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ ഈ വർഷത്തെ കെ. കരുണാകരൻ കർമ പുരസ്കാരം റിയാദിലെ സാമൂഹിക പ്രവർത്തകൻ സുരേഷ് ശങ്കറിന്. കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ 300ഒാളം ആളുകളെ നാട്ടിൽ എത്തിക്കാൻ സുരേഷ് ശങ്കർ പ്രവർത്തിച്ചു. നാട്ടിൽ ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന നിരവധി വിദ്യാർഥികൾക്ക് ടെലിവിഷൻ ഉൾപ്പെടെയുള്ള നിരവധി പഠനോപകരണങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനും ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ എല്ലാം മുൻനിർത്തിയാണ് സുരേഷ് ശങ്കറിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ റസാഖ് ചാവക്കാട് അറിയിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും വെള്ളിയാഴ്ച നടക്കുന്ന കെ. കരുണാകരൻ അനുസ്മരണ യോഗത്തിൽ സമ്മാനിക്കും. കോവിഡ് കാലത്ത് പ്രവാസലോകത്ത് ജീവകാരുണ്യ പ്രവർത്തനം നടത്തിയ ജില്ല കമ്മിറ്റിയിലെ മറ്റ് പ്രവർത്തകരെയും ആദരിക്കുന്നു.
നിലവിൽ സുരേഷ് ശങ്കർ തൃശൂർ ജില്ല ഒ.ഐ.സി.സി പ്രസിഡൻറ്, തൃശൂർ ജില്ല സൗഹൃദവേദി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്നു. 25 വർഷമായി റിയാദിലുള്ള സുരേഷ് ശങ്കർ തൃശൂർ മുള്ളൂർക്കര സ്വദേശിയണ്. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക രാധിക സുരേഷാണ് ഭാര്യ. അതേ സ്കൂളിലെ വിദ്യാർഥിനിയായ അനാമികയാണ് ഏക മകൾ. നാസർ വലപ്പാട്, മാള മുഹ്യിദ്ദീൻ, മാത്യു സിറിയക്, സുലൈമാൻ മുള്ളൂർക്കര എന്നിവരായിരുന്നു അവാർഡ് ജൂറി കമ്മിറ്റിയിലെ അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.