യുനെസ്കോ അസോസിയേറ്റഡ് സ്കൂൾ ശൃംഖലയിൽ ഇടംനേടി ജുബൈലിലെ അഞ്ച് വിദ്യാലയങ്ങൾ
ജുബൈൽ: റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആൻഡ് യാംബുവിന് കീഴിൽ ജുബൈലിൽ പ്രവർത്തിക്കുന്ന അഞ്ച് സ്കൂളുകൾ യുനെസ്കോയുടെ അസോസിയേറ്റഡ് സ്കൂൾസ് നെറ്റ്വർക്കിൽ അംഗത്വം നേടി. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിൽ വ്യാവസായിക നഗരമായ ജുബൈലിലെ വിദ്യാലയങ്ങൾ പുലർത്തിയ മികവിനുള്ള അംഗീകാരമാണിത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്ര വിഷയങ്ങൾക്കായുള്ള സൗദി ദേശീയ സമിതിയുടെയും ഏകോപനത്തോടെയാണ് ഈ നേട്ടം. ലോകമെമ്പാടുമുള്ള 166 രാജ്യങ്ങളിലെ പതിനായിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന ആഗോള ശൃംഖലയുടെ ഭാഗമായാണ് ഇനി ഈ വിദ്യാലയങ്ങൾ പ്രവർത്തിക്കുക.
പ്രാദേശിക വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും സൗദി സ്കൂളുകളുടെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുമുള്ള നിർണായക ചുവടുവെപ്പാണിത്. സുസ്ഥിര വികസനം, ഗ്ലോബൽ സിറ്റിസൺഷിപ്, അന്തർ-സാംസ്കാരിക പഠനം എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ ശൃംഖല, അന്താരാഷ്ട്രതലത്തിലുള്ള സഹകരണത്തിനും മികച്ച അധ്യാപന രീതികളുടെ കൈമാറ്റത്തിനും വഴിതുറക്കും.
അധ്യാപകർക്കും കോ ഓർഡിനേറ്റർമാർക്കും ആവശ്യമായ പരിശീലനം നൽകുന്നതിനൊപ്പം സുസ്ഥിരത, സഹിഷ്ണുത, സംസ്കാരം എന്നിവയിൽ അധിഷ്ഠിതമായ പദ്ധതികൾ നടപ്പിലാക്കാനുള്ള പ്രവർത്തന പരിശീലന പരിപാടികളും ഈ ശൃംഖലയിൽ തയാറാക്കിയിട്ടുണ്ട്.
കൃത്യമായ പ്രകടന സൂചികകൾ വഴി വിലയിരുത്തി ഗുണപരമായ മാറ്റം ഉറപ്പുവരുത്തും. സൗദി വിഷൻ 2030, ഹ്യൂമൻ കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായ ഈ പദ്ധതി. നഗരത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്ന തിനായി റോയൽ കമ്മീഷൻ നടപ്പിലാക്കിവരുന്ന നിരന്തരമായ ശ്രമങ്ങൾക്ക് ലഭിച്ച വലിയൊരു ആദരവുകൂടിയാണ് ഈ അന്താരാഷ്ട്ര അംഗീകാരം.വിദ്യാർത്ഥികളിൽ ആഗോള പൗരത്വബോധം വളർത്തുക, സുസ്ഥിര വികസനം, സാംസ്കാരിക പൈതൃക സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് യുനെസ്കോ ഈ ആഗോള ശൃംഖല രൂപീകരിച്ചിരിക്കുന്നത്. ഈ നേട്ടത്തോടെ ജുബൈലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള വിവിധ പ്രോജക്ടുകളിലും സാംസ്കാരിക വിനിമയ പരിപാടികളിലും സജീവമായി പങ്കെടുക്കാൻ അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.