സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നവരുടെ ശ്രദ്ധക്ക്...
നാട്ടിൽ നിന്നും അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങിയെത്തിയ മലയാളി നഴ്സിനെ ജിദ്ദ എയർപോർട്ടിൽ നിന്നും കാണാതായ സംഭവം വലിയ ആശങ്കകളാണ് സൃഷ്ടിച്ചത്.
വയനാട് അയ്യങ്കോലി സ്വദേശിനി ഫിലോമിനയെ കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ പ്രാഥമിക പരാതിയെങ്കിലും, സൗദിയിൽ നിരോധിതമായ മരുന്ന് കൈവശം സൂക്ഷിച്ചതിന് ജിദ്ദ കസ്റ്റംസ് വിഭാഗം അവരെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമാണ് ചെയ്തത്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്.
സൗദിയിൽ അഞ്ച് വർഷത്തോളമായി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥയ്ക്ക് ഇത്തരത്തിലൊരു നിയമകുരുക്ക് നേരിടേണ്ടി വന്നത് ഏറെ അമ്പരപ്പിക്കുന്നതാണ്. നാട്ടിൽ നിന്നും വരുമ്പോൾ മറ്റാരെങ്കിലുമാകാം ഈ മരുന്ന് കൊടുത്തുവിട്ടതെന്നും, നിരപരാധിയാണെങ്കിൽ ഫിലോമിന നിയമപരമായ നടപടികളിലൂടെ പുറത്തുവരുമെന്നും പ്രതീക്ഷിക്കാം.
എങ്കിലും, സമാനമായ നിരവധി കേസുകൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഓരോ യാത്രികനും ഇക്കാര്യത്തിൽ അതീവ ജാഗ്രത ആവശ്യമാണ്.
നിയമങ്ങളും യാഥാർത്ഥ്യങ്ങളും
ഇന്ത്യയിൽ ഡോക്ടറുടെ കുറിപ്പടിയോടെ എളുപ്പത്തിൽ ലഭിക്കുന്നതാണെന്ന കാരണത്താൽ മാത്രം ആ മരുന്ന് സൗദിയിലേക്ക് കൊണ്ടുവരാൻ അനുമതിയുണ്ടെന്ന് കരുതരുത്. അതേസമയം, എല്ലാ ഇന്ത്യൻ മരുന്നുകളും സൗദിയിൽ നിരോധിച്ചിരിക്കുന്നു എന്നും അർത്ഥമാക്കാനാവില്ല. മരുന്നിന്റെ ഘടകങ്ങൾ, അളവ്, ഉപയോഗം എന്നിവ സൗദിയിലെ നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി പരിശോധിച്ചാണ് അനുമതി തീരുമാനിക്കുന്നത്.
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA), ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ (GDNC) എന്നീ വിഭാഗങ്ങളാണ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. മരുന്നുകളുടെ നിയന്ത്രണവും അനുമതിയും എസ്.എഫ്.ഡി.എയുടെ പരിധിയിൽ വരുമ്പോൾ, സംശയാസ്പദമായ കടത്തുകടത്തലുകളും നിയമലംഘനങ്ങളും മറ്റ് സുരക്ഷാ-കസ്റ്റംസ് അധികൃതർക്കൊപ്പം ജി.ഡി.എൻ.സിയും അന്വേഷിക്കും.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിയന്ത്രിത മരുന്നുകൾ കൊണ്ടുവരുന്നതിനായി എസ്.എഫ്.ഡി.എയുടെ ഔദ്യോഗിക കൺട്രോൾഡ് ഡ്രഗ്സ് സിസ്റ്റം (CDS) വഴി മുൻകൂട്ടി അനുമതി തേടേണ്ടതാണ്. ഇതിനായി താഴെ പറയുന്ന വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്:
1. മരുന്നിന്റെ ജനറിക് പേരും വ്യാപാര നാമവും.
2. ഡോക്ടറുടെ കുറിപ്പ് അല്ലെങ്കിൽ ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട്.
3. മരുന്നിന്റെ അളവ്, സാന്ദ്രത, പാക്കറ്റിന്റെ വിവരങ്ങൾ.
4. തിരിച്ചറിയൽ രേഖയും യാത്രാ വിവരങ്ങളും.
5. ബന്ധപ്പെട്ട വിഭാഗത്തിന് ബാധകമായ മുൻകൂർ അനുമതി.
ഡോക്ടറുടെ കുറിപ്പ് കൈവശമുള്ളതുകൊണ്ട് മാത്രം യാത്ര ചെയ്യാനാകില്ലെന്നും, അനുമതി ലഭിക്കേണ്ട മരുന്നാണെങ്കിൽ യാത്രയ്ക്ക് മുൻപ് തന്നെ (cds.sfda.gov.sa) എന്ന ഔദ്യോഗിക പോർട്ടൽ വഴി നടപടികൾ പൂർത്തിയാക്കുന്നതാണ് സുരക്ഷിതം.
ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി വിമാനത്താവളങ്ങൾ, പ്രവാസി സംഘടനകൾ, ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്മകൾ, ട്രാവൽ ഏജൻസികൾ, മാധ്യമങ്ങൾ എന്നിവയുടെ സഹകരണത്തോടെ ഇത്തരം നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. നിയമങ്ങൾ കൃത്യമായി പാലിക്കുക എന്നത് ഓരോ യാത്രികന്റെയും ഉത്തരവാദിത്വമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.